Sat. Apr 20th, 2024
കാബൂൾ:

അഫ്​ഗാനിസ്​താനിലെ ഭക്ഷ്യക്ഷാമം തടയാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടികളടക്കം ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി മുതിർന്ന യു എൻ ഉദ്യോഗസ്​ഥർ. മാനുഷിക സഹായം ലഭ്യമാക്കുന്നതിനായി ഫണ്ടുകൾ മരവിപ്പിച്ച നടപടി അവസാനിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അഫ്​ഗാനിൽ 2.3 കോടിയാളുകളാണ്​ കടുത്ത പട്ടിണിയിൽ കഴിയുന്നത്​​.

രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ വരുമിത്​. രണ്ടുമാസം മുമ്പ്​ 1.4 കോടി ആളുകളായിരുന്നു പട്ടിണിയിൽ കഴിഞ്ഞത്​. താലിബാൻ അധികാരമേറ്റെടുത്തതോടെ ദുരിതം ഇരട്ടിയായി. കുട്ടികളുൾപ്പെടെ പട്ടിണികിടന്നു മരിക്കും. കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കടുത്ത ഭക്ഷ്യക്ഷാമമാണ്​ രാജ്യത്ത്​ അനുഭവപ്പെടുന്നത്​. താലിബാൻ അധികാരമേറ്റതോടെ പല രാജ്യങ്ങളും ലോകബാങ്ക്​ പോലുള്ള സ്​ഥാപനങ്ങളും അഫ്​ഗാനു നൽകിവന്ന സാമ്പത്തിക സഹായം മരവിപ്പിച്ചു. ഇത്​ ദുരിതം ഇരട്ടിയാക്കി.

2.3 കോടി ആളുകൾക്ക്​ ഭക്ഷണമെത്തിക്കാൻ ചുരുങ്ങിയത്​ 22 കോടി ഡോളറിൻ്റെ ​സഹായം ആണ്​ യു എൻ ഭക്ഷ്യ ഏജൻസി ആവശ്യപ്പെടുന്നത്​. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിനുമുമ്പ്​ കാലാവസ്ഥവ്യതിയാനം മൂലം രാജ്യം ഭക്ഷ്യക്ഷാമം നേരിടുകയായിരുന്നു.