Fri. Nov 22nd, 2024

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമായ ഹൃദയത്തില്‍ നായകനായിട്ടുള്ള പ്രണവ് മോഹൻലാലിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവ് റൊമാന്റിക് ഹീറോയായിട്ടുള്ള ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വൻ ഹിറ്റായി. ഇപോഴിതാ പ്രണവ് മോഹൻലാലിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. അപ്പുവിനെ (പ്രണവ് മോഹൻലാല്‍) കുറിച്ച് എന്ത് പറഞ്ഞാലും തള്ളാണ് എന്ന് ആള്‍ക്കാര്‍ പറയും. കാരണം പ്രണവ് മോഹൻലാലിന് ഇങ്ങനെയൊക്കെ ആകാനാകുമോയെന്ന് ആള്‍ക്കാര്‍ക്ക് വിശ്വസിക്കാനാകില്ല. അപ്പുവിനെ എവിടെയും കാണാനാകില്ലല്ലോ. എവിടെയും വരുന്നില്ല.

എവിടെയും കാണാൻ പറ്റുന്ന ഒരാളുമാണ് അപ്പു. കാരണം ഗ്രാമത്തിലെ ഒരു ചായക്കടയില്‍ ചിലപ്പോള്‍ അപ്പു ഇരിക്കുന്നുണ്ടാകും. സെലിബ്രിറ്റി ജീവിതമുള്ള ആളല്ല. പക്ഷേ ആളുകള്‍ക്ക് അപ്പുവിനെ കുറിച്ച് അറിയാത്തതുകൊണ്ട് എന്തുപറഞ്ഞാലും തള്ളാണെന്ന് പറയും.

അപ്പുവിന്റെ മേയ്‍ക്ക്‍മാൻ ഉണ്ണി ഒരു സീനില്‍ അഭിനയിക്കുന്നുണ്ട്. മേയ്‍ക്കപ്പ്‍മാനായ ഉണ്ണിക്ക് മേയ്‍ക്കപ്പ് ചെയ്‍തത് അപ്പുവാണ്. ജീവിതം അനുഭവിച്ചയാളാണ്. ഒരുപാട് യാത്ര ചെയ്‍തതുകൊണ്ട് ആള്‍ക്കാരോടു ഇടപെട്ടതു കൊണ്ട്, ജീവിച്ചു ശീലിച്ചതുകൊണ്ടാണ് അവൻ അങ്ങനെ എന്നും വിനീത് ശ്രീനിവാസൻ പറയുന്നു.