Wed. Apr 24th, 2024
ഉത്തർപ്രദേശ്:

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ബാരബങ്കിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്ര ഉദ്ഘാടനം ചെയ്യും.

ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയും, സഹാറൻപൂരിൽ നിന്ന് മഥുരയിലേക്കും, വാരാണസിയിൽ ആരംഭിച്ച് റായ്ബറേലിയിൽ അവസാനിക്കുന്ന മട്ടിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നിനാണ് യാത്രയുടെ സമാപനം.ബാരബങ്കി മുതൽ ബുന്ദേൽഖണ്ഡ് വരെയുള്ള യാത്രയ്ക്ക് മുൻ കേന്ദ്രമന്ത്രി പ്രദീപ് ജെയിൻ ആദിത്യ നേതൃത്വം നൽകും.

സഹാറൻപൂരിൽ നിന്ന് മഥുര വരെയുള്ള പടിഞ്ഞാറൻ യു പി മേഖയിലെ യാത്രയ്ക്ക് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദും, വാരാണസിയിൽ ആരംഭിച്ച് റായ്ബറേലിയിൽ അവസാനിക്കുന്ന യാത്രയ്ക്ക് മുൻ എം പി പ്രമോദ് തിവാരിയുമാണ് നേതൃത്വം നൽകുക. തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകും തുടങ്ങി ഏഴിന വാഗ്ദാനങ്ങൾ യാത്രയിലുടനീളം കോൺഗ്രസ് അവതരിപ്പിക്കും.