Wed. Apr 24th, 2024
ബംഗളൂരു:

ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മൂന്ന്​ കിലോ മയക്കുമരുന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ പിടികൂടി. വസ്​ത്രത്തിനുള്ളിലാക്കി ആസ്​ട്രേലിയയിലേക്കായിരുന്നു മയക്കുമരുന്ന്​​ കടത്താൻ ശ്രമം. കേസുമായി ബന്ധ​പ്പെട്ട്​ ഒരാൾ അറസ്​റ്റിലായി.

എൻ സി ബി ബംഗളൂരു മേഖല ഡയരക്​ടർ അമിത്​ ഗാവ്​തെയുടെ നേതൃത്വത്തിലുള്ള സംഘമാണ്​ മൂന്ന്​ കിലോ വരുന്ന സ്യൂഡോഫെഡ്രൈൻ പിടികൂടിയത്​. ലെഹംഗകളുടെ ഓരോ മടക്കുകളും തുറന്നപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയത്. ആസ്‌ട്രേലിയയിലേക്ക് അയയ്‌ക്കേണ്ട പാഴ്​സൽ ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് ബുക്ക് ചെയ്തത്.

വിവരങ്ങൾ ലഭിച്ച ചെന്നൈയിലെ എൻ സി ബി സംഘം രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ്​ പാഴ്സൽ അയച്ചയാളുടെ വിലാസം തിരിച്ചറിഞ്ഞത്​. വെള്ളിയാഴ്ച​ പ്രതിയെ പിടികൂടി​. പാഴ്സൽ അയക്കാൻ വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ചതായി കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്​.