Fri. Apr 19th, 2024
കണ്ണൂർ:

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും കരാറൊപ്പിട്ടതായും മന്ത്രി പറഞ്ഞു.ജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് ആലോചിക്കുന്നത്.

എല്ലാ പഞ്ചായത്തിലും കളിക്കളം നിർമിക്കും. മുഴുവൻ പഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിച്ച്‌ ധർമടത്തെ സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കും. കണ്ണൂരിൽ ആൺകുട്ടികൾക്കായി പുതിയ സ്‌പോർട്‌സ് ഹോസ്റ്റൽ കെട്ടിടം പണിയും.

എല്ലാ പഞ്ചായത്തിലും സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സ്‌പോർട്‌സ് ഡയറക്ടറേറ്റ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് പത്തുകോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്താൻ കണ്ണൂർ കോർപ്പറേഷൻ തയ്യാറായില്ല.

ജവഹർ സ്റ്റേഡിയം സംബന്ധിച്ച് നിരവധി നിവേദനങ്ങളാണ് ജില്ലയിൽനിന്ന്‌ ലഭിച്ചത്. മറ്റൊരു ജില്ലയിൽനിന്നും ഇത്തരമൊരനുഭവമില്ല. കായിക പ്രേമികളായ കണ്ണൂരിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കി വേണ്ടത് ചെയ്യാൻ കോർപ്പറേഷൻ ഭരണസമിതി മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സ്‌പോർട്‌സ് ഹോസ്റ്റലും അദ്ദേഹം സന്ദർശിച്ചു.