Fri. Apr 19th, 2024
തൃക്കരിപ്പൂർ:

കൊവിഡ് വ്യാപനത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, റെയിൽപാതയ്ക്കരികിലെ വിദ്യാലയങ്ങളിലേക്ക് അപായം തടയാൻ മേൽപ്പാലം പണിയണമെന്ന ആവശ്യം സജീവമാക്കി. തൃക്കരിപ്പൂർ പഞ്ചായത്തിൽ സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഒളവറ സങ്കേത ജിയുപി സ്കൂളും നോർത്ത് തൃക്കരിപ്പൂർ വില്ലേജിലെ തൃക്കരിപ്പൂർ സെന്റ്പോൾസ് എയുപി സ്കൂളും റെയിൽപാതയോടു ചേർന്നാണുള്ളത്. 2 വിദ്യാലയങ്ങളിലേക്കും റെയിൽപാളം കടന്ന് വരുന്ന വിദ്യാർത്ഥികൾ ഏറെയുണ്ട്.

ശ്രദ്ധയൊന്നു പാളിയാൽ അപായം സംഭവിക്കും വിധമാണ് ഒളവറ സങ്കേത ജിയുപി സ്കൂളിന്റെ സാഹചര്യം. വർഷങ്ങൾക്ക് മുൻപ് ഒരു കുട്ടി ട്രെയിൻ തട്ടി മരിച്ചിട്ടുണ്ട്. സ്കൂളിന്റെ തെക്കൻ ദിശയിൽ നിന്നു ട്രെയിൻ വളരെ അടുത്തെത്തിയാൽ മാത്രമേ കാണൂ.

പാത വളഞ്ഞു പുളഞ്ഞു കിടക്കുന്നതു കൊണ്ടാണിത്. മഴക്കാലത്താണെങ്കിൽ അതീവ സൂക്ഷ്തയോടെ മാത്രമേ പാളം കടക്കാനാകൂ.റെയിലോരത്ത് ആളുയരത്തിൽ വളർന്ന കുറ്റിക്കാടുകൾ മറ്റൊരു അപകടമാണ്.

റെയിൽപാതയിൽ നടപ്പാലം നിർമിക്കണമെന്നത് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യമാണ്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു അരികിലായി സ്ഥിതി ചെയ്യുന്ന സെന്റ്പോൾസ് എയുപി സ്കൂളിലേക്ക് പാളം മുറിച്ചു കടന്നു എത്തുന്നത് നിരവധി കുട്ടികളാണ്. ഇവിടെയും നടപ്പാലത്തിനു വർഷങ്ങളായി ആവശ്യമുണ്ട്. തൊട്ടടുത്തുള്ള അടിപ്പാത യാത്രാ യോഗ്യമാക്കിയാൽ ഇവിടുത്തെ പ്രശ്നത്തിനു പരിഹാരമാകും.

ഇത്തരമൊരു നിർദേശം റെയിൽവേക്ക് മുന്നിൽ സമർപ്പിച്ചതുമാണ്. പക്ഷേ, അനക്കമില്ല. ഈ അടിപ്പാതയാകട്ടെ മാലിന്യം തള്ളാനുള്ള കേന്ദ്രമാണ് നിലവിൽ. റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാകാൻ ജനപ്രതിനിധികൾ ഇടപടെണമെന്ന ആവശ്യമാണ് നാട്ടുകാർക്ക്.