Wed. Apr 17th, 2024
കോഴിക്കോട്‌:

ജീവനക്കാരില്ലാത്തതിന്റെ പേരിൽ രാത്രികാലത്ത്‌ അടച്ചിടുന്ന റെയിൽവേ ഗേറ്റുകൾ ഇനിയും തുറന്നില്ല. കോഴിക്കോട്‌ നഗരത്തിലെ രണ്ടാംഗേറ്റ്‌, നാലാംഗേറ്റ്‌, വെസ്റ്റ്‌ഹിൽ കോയ ഗേറ്റ്‌, എലത്തൂർ ഗേറ്റ്‌ എന്നിവക്കാണ്‌ രാത്രി പത്തോടെ പൂട്ടുവീഴുന്നത്‌. പ്രദേശവാസികൾക്ക്‌ പ്രയാസമുണ്ടാക്കുന്ന തീരുമാനം പിൻവലിക്കുമെന്ന്‌ റെയിൽവേ  അറിയിച്ചിരുന്നെങ്കിലും  നടപടിയുണ്ടായിട്ടില്ല.
റെയിൽവേ ഗേറ്റുകൾ അടയ്‌ക്കാനും തുറക്കാനുമായി കരാർ തൊഴിലാളികളെയായിരുന്നു റെയിൽവേ ഉപയോഗിച്ചിരുന്നത്‌.

ജൂണോടെ കരാർ കാലാവധി കഴിഞ്ഞ‌തോടെയാണ്‌ പ്രതിസന്ധി രൂക്ഷമായത്‌.  ഓരോ ഗേറ്റിലും രണ്ടുപേർക്കായിരുന്നു ചുമതല. മൂന്ന്‌ പേർ കരാർ കാലാവധി കഴിഞ്ഞ്‌ പോയതോടെ ജോലിക്ക്‌ ആളില്ലാതായി.

ഇതോടെ  രാത്രി ഗേറ്റ്‌ അടച്ചിടുക എന്ന തീരുമാനത്തിലേക്ക്‌ അധികൃതർ എത്തി . രാത്രി 10  മുതൽ രാവിലെ ആറ്‌ വരെ ഗേറ്റ്‌ പൂട്ടിയിടുന്നത്‌ നിരവധിയാളുകളെ പ്രയാസത്തിലാക്കുന്നുണ്ട്‌.
അത്യാവശ്യ യാത്രക്കായി എത്തുന്നവർക്ക്‌ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരൻ ഗേറ്റ്‌  തുറന്ന്‌ നൽകുമെന്നാണ്‌ റെയിൽവേ അധികൃതരുടെ വാദം. എന്നാൽ ഇത്‌ പ്രായോഗികമല്ല. 

ആശുപത്രി ആവശ്യങ്ങളും മറ്റുമായി പോകുന്നവരാണ്‌ ഏറെ  പ്രതിസന്ധിയിലാകുന്നത്‌.എലത്തൂരിലെ ഗേറ്റ്‌ അടച്ചാൽ   ഗ്രാമം ഒറ്റപ്പെട്ടുപോകുമെന്ന്‌ നാട്ടുകാർ പറയുന്നു.
ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ ഗേറ്റ്‌ അടച്ചിടുന്നത്‌ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ റെയിൽവേ ഉറപ്പ്‌ നൽകിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിന്റെ പ്രതിഷേധത്തിലാണ്‌ നാട്ടുകാരും നഗരവാസികളും.