Thu. Apr 25th, 2024
കുണ്ടംകുഴി:

കഴിഞ്ഞ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിൽ കുണ്ടംകുഴിയും പരിസരങ്ങളിലും വ്യാപകനാശം. ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പോയി. ഗദ്ദമൂല ഭാഗത്ത്‌ വ്യാപക കൃഷിനാശവുമുണ്ടായി.

സ്‌കൂളിന്റെ ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടം ഭാഗികമായും തകർന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഗദ്ദമൂലയിൽ പക്കീരന്റെ വീടിനുമേൽ മരം വീണു. മുപ്പതോളം കവുങ്ങും ഏഴ്‌ തെങ്ങും കടപുഴകി.

രമേശന്റെ തൊഴുത്ത്‌ മരം വീണ്‌ തകർന്നു. മാനസം സുധിയുടെ നൂറ്‌ റബർ മരം, ചാണത്തല സുരേഷിന്റെ കവുങ്ങ്‌ എന്നിവയും നശിച്ചു. തിങ്കളാഴ്‌ച രാത്രിയാണ്‌ ഗദ്ദമൂല കേന്ദ്രീകരിച്ച്‌ ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ചത്‌.

കുണ്ടംകുഴി സ്‌കൂളിലെ നാശമുണ്ടായ കെട്ടിടം സി എച്ച് കുഞ്ഞമ്പു എംഎൽഎ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തംഗം ടി വരദരാജ്, പിടിഎ പ്രസിഡന്റ് സുരേഷ് പായം, ബേഡഡുക്ക വില്ലേജ് ഓഫീസർ ഗണേഷ് ഷേണായി, എം അനന്തൻ, കെ മുരളീധരൻ, പി കെ ഗോപാലൻ, ഇ രാഘവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് എൻ സരിത, ജില്ലാപഞ്ചായത്ത് അംഗം ടി എച്ച് ഫാത്തിമത്ത് ഷംന എന്നിവരും സ്‌കൂൾ സന്ദർശിച്ചു.