Sat. Apr 20th, 2024
റാന്നി:

റാന്നിയിലൂടെ വാഹനവുമായി കടന്നു പോകുന്നവർ ശ്രദ്ധിക്കുക. വാഹനത്തിൽ കൂടുതൽ ഇന്ധനം കരുതി കൊള്ളുക. അടിക്കടിയുള്ള ഗതാഗതക്കുരുക്കാണ് പ്രശ്നം.

ഇവിടെ പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണം മെല്ലെപ്പോക്കിലാണ്. റോഡിൽ കലുങ്കും പൈപ്പിടീലും തുടങ്ങിയിട്ട് മാസങ്ങളായി. കൂടാതെ ഡ്രൈവര്‍മാർക്ക് അസാമാന്യ ക്ഷമയും പരിശീലിക്കണം.

ബ്ലോക്കുപടി മുതല്‍ പെരുമ്പുഴ വരെ എത്തുകയെന്നത് വലിയ കടമ്പയാണ്. പൂര്‍ത്തീകരിക്കാത്ത കലുങ്കുകളും കുഴികള്‍ നിറഞ്ഞ് റോഡും ഇതുവഴിയുള്ള യാത്രയെ സങ്കീര്‍ണ്ണമാക്കുകയാണ്. ഒരു വശത്ത് ജലവിതരണ പൈപ്പിടീലും അതിന്‍റെ പുനരുദ്ധാരണവും.

മറുവശത്ത് ഇഴഞ്ഞു നീങ്ങുന്ന സംസ്ഥാന പാതയുടെ നിര്‍മ്മാണം. ഇതിനിടയില്‍ പെട്ട് മണിക്കൂറുകളോളം ഗതാഗത കുരുക്കിലകപ്പെടുന്ന വാഹനങ്ങളും പ്രദേശവാസികള്‍ക്ക് സ്ഥിരം കാഴ്ചയാണിത്.

മാധ്യമങ്ങള്‍ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും കുലുക്കമില്ലാതെ തുടരുകയാണ്​ കെ എസ് ടി പി,കരാര്‍ കമ്പനി. കൂടുതല്‍ ജോലിക്കാരേയും യന്ത്രസാമഗ്രികളും എത്തിച്ച് വളരെ വേഗം തീര്‍ക്കാവുന്ന ജോലികള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് അധികൃതരെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ചെറുതും വലുതുമായ കുഴികളില്‍ വാഹനങ്ങള്‍ ചാടുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതും നിത്യ സംഭവമാണ്. കുഴികളില്‍ ചാടി ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പരിക്കേല്‍ക്കുന്നതും സാധാരണമായി.