ഗാന്ധിനഗർ (കോട്ടയം):
പെൺകുഞ്ഞിൻ്റെ ചികിത്സക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി 16കാരി. ഇതോടെ പെൺകുട്ടിയെ വിവാഹം കഴിച്ചയാൾക്കെതിരെ അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ എട്ടുമാസമായ രണ്ടാമത്തെ കുട്ടിയെയാണ് ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതിഗുരുതരാവസ്ഥയിലാണ്.
ഒരു വർഷം മുമ്പ് ഈ പെൺകുട്ടിയുടെ 11 മാസം പ്രായമായ ആദ്യത്തെ കുട്ടി ഹൃദയസംബന്ധമായ അസുഖം മൂലം മരണപ്പെട്ടിരുന്നു. ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തിയിൽ താമസിക്കുകയാണ് പെൺകുട്ടിയും കുടുംബവും.
പെൺകുട്ടിയുടെ മാതാവും ഇവരോടൊപ്പമുണ്ട്. നേരത്തെ ഇവർ ഈരാറ്റുപേട്ട ഭാഗത്താണ് താമസിച്ചു വന്നിരുന്നത്. ഈ സമയത്താണ് ഇവരുടെ വിവാഹം നടന്നതെന്ന് കരുതുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹിതയായതും രണ്ടു കുട്ടികളുടെ അമ്മയായതും ആരോഗ്യപ്രവർത്തകരോ, ചൈൽഡ് ലൈൻ പ്രവർത്തകരോ, പൊലീസോ അറിഞ്ഞില്ല എന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച വൈകീട്ട് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും കുട്ടികളുടെ ആശുപത്രിയിലെത്തിയിരുന്നു. പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയതായി കുട്ടികളുടെ ആശുപത്രി അധികൃതർ അറിയിച്ചു.