Sat. Apr 20th, 2024
പത്തനംതിട്ട:

ഓരോ ജീവനും തോളിലേറ്റി കുതിച്ചു പായുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഓരോ വിളിക്കും ഓരോ ജീവന്റെ വിലയുണ്ടെന്ന തിരിച്ചറിവുള്ളവർ. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി ആംബുലൻസ് അപകടത്തിൽപെടുന്ന വാർത്തകൾ കാണുമ്പോൾ ആർക്കും സംശയം തോന്നും, അതീവശ്രദ്ധയോടെ ഓടിക്കേണ്ട വാഹനം അപകടത്തിൽപെടുന്നത് എങ്ങനെയാണ്?

ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗി. പെട്ടെന്ന് എത്തിക്കേണ്ട ഓക്സിജൻ സിലിണ്ടർ. പിന്നെ കണ്ണുംപൂട്ടി വിടുക തന്നെ. ജില്ലയിലെ ഇടുങ്ങിയ റോഡുകളിൽ ആംബുലൻസുകൾ മരണദൂതന്മാരാകുന്നുവോ? ടികെ റോഡിൽ തിരുവല്ലയ്ക്കടുത്തു മഞ്ഞാടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഗർഭിണി ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റ സംഭവവും പക്ഷേ അധികൃതരെ ഉണർത്തുന്നില്ല. അമിതവേഗമോ അശ്രദ്ധയോ– അതോ വാഹനത്തിന്റെ കാലപ്പഴക്കമോ; അപകടത്തിനു പിന്നിലെ കാരണമെന്തെന്ന് ആർക്കുമറിയില്ല.

ജില്ലയിൽ വിവിധ സർക്കാർ ആശുപത്രികളിലായി 28 ബിഎൽഎസ്, 4 എഎൽഎസ് ആംബുലൻസുകളും പതിനഞ്ച് 108 ആംബുലൻസുകളുമാണുള്ളത്. 450ൽ അധികം സ്വകാര്യ ആംബുലൻസുകളുണ്ടെന്നും മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നു. നിലവിലെ നിയമങ്ങൾ പ്രകാരം ആംബുലൻസ് ഡ്രൈവർമാർക്കു പ്രത്യേക യോഗ്യതകളൊന്നും നിർദേശിക്കുന്നില്ല.

എൽഎംവി അഥവാ ലൈറ്റ് മോട്ടർ വെഹിക്കിൾ ലൈസൻസ് മാത്രമാണു മാനദണ്ഡം. അതേസമയം സർക്കാർ ആശുപത്രികളിലേക്കു കരാറടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർമാരെ നിയോഗിക്കുന്നതു കൃത്യമായ അന്വേഷണത്തിനു ശേഷം മാത്രമാണെന്നു ഡപ്യൂട്ടി ഡിഎംഒ ഡോ സി എസ് നന്ദിനി വ്യക്തമാക്കി.

കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച കേസിനെത്തുടർന്നു കൂടുതൽ നിഷ്കർഷയോടെയാണു തിരഞ്ഞെടുപ്പ്. പൊലീസ് പരിശോധന നടത്തിയാണു ഡ്രൈവർമാരെ നിയോഗിക്കുന്നത്. ഇവരുടെ പ്രവർത്തനം,പെരുമാറ്റം, ഡ്രൈവിങ് രീതി തുടങ്ങിയവയും നിരീക്ഷിച്ചു തൃപ്തികരമെങ്കിൽ മാത്രമേ കരാർ പുതുക്കു എന്നും ഡോ നന്ദിനി പറഞ്ഞു.