Thu. Apr 25th, 2024
പാറശാല:

ആനവണ്ടിയിലെ ഒ‍ാണാഘോഷം കോവിഡ് കാലത്തെ വേറിട്ട കാഴ്ചയായി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് രാവിലെ 8.15ന് കെഎസ്ആർടിസി നടത്തുന്ന ബോണ്ട് സർവീസ് ബസിൽ ആണ് ചിങ്ങപ്പിറവി ദിനത്തിൽ യാത്രക്കാരും ജീവനക്കാരും ചേർന്ന് അത്തപ്പൂക്കളം, ഒ‍ാണപ്പാട്ട് തുടങ്ങി വിവിധ പരിപാടികളോടെ ഒ‍ാണം ആഘോഷിച്ചത്.

രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലും വൈകിട്ടത്തെ മടങ്ങിവരവിലും ഓണ ആഘോഷങ്ങൾ അരങ്ങു തകർത്തു. ഒ‍ാണസന്ദേശം കൈമാറൽ, പരീക്ഷകളിൽ ഉന്നത വിജയം നേടിയ യാത്രക്കാരുടെ മക്കൾക്കുള്ള അനുമോദനം, ഒ‍ാണസമ്മാന വിതരണം, പായസ വിതരണം തുടങ്ങിയവ പരിപാടിയെ ഹൃദ്യമാക്കി. സ്റ്റോപ്പുകൾ ഇല്ലാതെ ഒരുമിച്ചുള്ള യാത്ര ഏഴ് മാസം പിന്നിട്ടതോടെ ബസിലെ യാത്രക്കാരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്.

കോവിഡ് രണ്ടാം തരംഗം എത്തിയതോടെ ഫെബ്രുവരി 10ന് ആരംഭിച്ച ബോണ്ട് സർവീസിലെ യാത്രക്കാരെല്ലാം സർക്കാർ ഉദ്യേ‍ാഗസ്ഥർ ആണ്. ഓണാഘോഷ പരിപാടികളുടെ ഭാഗമായി യാത്രക്കാരിൽ ഭൂരിഭാഗവും കേരളീയവേഷം ധരിച്ചാണ് എത്തിയത്. പാറശാല ഡിപ്പോയിൽ നിന്നുള്ള ഏക ബോണ്ട് സർവീസിൽ നാൽപ്പത്തിയേഴു പേരാണ് ഉള്ളത്. 10 ദിവസത്തെ ബോണ്ട് സർവീസ് യാത്രയ്ക്ക് 1400 രൂപയാണ് ഈടാക്കുന്നത്.