Thu. Mar 28th, 2024
ചാത്തന്നൂർ:

ഓണക്കാലത്തു മായം കലർന്ന പാൽ വിപണിയിൽ എത്തുന്നതു കണക്കിലെടുത്തു ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഇരുപത്തിയഞ്ചോളം ബ്രാൻഡുകൾ പരിശോധിച്ചു. ഒന്നിലും മായം കണ്ടെത്തിയില്ല. ഭരണിക്കാവ്, കൊട്ടിയം, തഴുത്തല, പള്ളിമുക്ക്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഗുണനിലവാരം ഉള്ള പാൽ ആണു വിൽക്കുന്നതെന്ന് ഉറപ്പു വരുത്തി.

ഓണക്കാലത്ത് ഉപയോഗം കൂടുമെന്നതിനാൽ‌ ഇതര സംസ്ഥാനങ്ങളിൽ നിന്നു മായം കലർന്ന പാൽ എത്തുമെന്നു കണക്കാക്കിയാണു പരിശോധന. ഇന്നലെ ഏതാനും ഗുണഭോക്താക്കൾ സാംപിൾ കൊണ്ടു വന്നു പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി. ഡപ്യൂട്ടി ഡയറക്ടർ ബി എസ്‌ നിഷ, ക്വാളിറ്റി കൺട്രോൾ ഓഫിസർ പ്രിൻസി ജോൺ, ടെക്നിക്കൽ അസിസ്റ്റന്റ് എ അനീഷ,

ലാബ് ടെക്നിഷ്യൻ ബി ലൗവിന്ദ രാജ്, അസിസ്റ്റന്റ് എസ് സുനിൽ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. മാർക്കറ്റുകളിൽ ഉൾപ്പെടെ 20 വരെ പരിശോധന ഉണ്ടായിരിക്കും. മായം കലർന്ന പാൽ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാവിഭാഗത്തിനു കൈമാറുമെന്നു ക്വാളിറ്റി കൺട്രോൾ ഓഫിസർ പ്രിൻസി ജോൺ പറഞ്ഞു.