Sat. Apr 20th, 2024
തെന്മല:

കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതോടെ വിനോദസഞ്ചാരമേഖലയിലും പ്രതീക്ഷകൾ നാമ്പിടുന്നു. പാലരുവി, തമിഴ്നാട്ടിലെ കുറ്റാലം തുടങ്ങിയ ജലപാതങ്ങൾ സമ്പുഷ്ടമായതോടെ സഞ്ചാരികൾ ഒഴുകിയെത്തുമാണ്‌ പ്രതീക്ഷ. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ തെന്മല ഇക്കോ ടൂറിസം ഞായറാഴ്‌ച പ്രവർത്തനം ആരംഭിക്കും.

ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 24 മണിക്കൂർ മുമ്പ്‌ നടത്തിയ ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർ, കോവിഡ് ബാധിച്ച്‌ ഒരുമാസം പൂർത്തിയായതിൻ്റെ സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്കു മാത്രമാണ് പ്രവേശനാനുമതി. 2019– 20 കാലയളവിൽ ഒരുലക്ഷത്തിലധികം സഞ്ചാരികളാണ്‌ ഇവിടെ എത്തിയത്‌. 1.80 കോടി വരുമാനവുമുണ്ടായി.

കോവിഡ്‌ വ്യാപനമുണ്ടായ 2020–21 വർഷത്തിൽ സഞ്ചാരികളുടെ എണ്ണം 9000 ആയും വരുമാനം 35 ലക്ഷം ആയും ചുരുങ്ങി. തുടർന്ന് കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ വേതനവും കുറച്ചു.
ശെന്തുരുണി ഇക്കോ ടൂറിസം കേന്ദ്രവും തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.

കുട്ടവഞ്ചി, മുളച്ചങ്ങാടം, ബോട്ട്, വാഹനങ്ങൾ, ക്യാമ്പുകൾ എന്നിവ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമാക്കി. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെയാണ്‌ ഇവിടെ പ്രവേശനം. രണ്ട്‌ ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ മാത്രമാകും പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുക.

By Divya