Sat. Apr 20th, 2024

ആലപ്പുഴ:

ഉത്തര റെയിൽവേയ്‌ക്കായി ഓട്ടോകാസ്‌റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി വെള്ളിയാഴ്‌ച പഞ്ചാബിലേക്ക്‌. വൈകിട്ട്‌ 5.30ന്‌ വ്യവസായമന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെയ്യും. അമൃതസർ സെൻട്രൽ റെയിൽവേ വർക്ക് ഷോപ്പിലേക്ക് റോഡ്‌ മാർഗമാണ്‌ ബോഗി അയയ്‌ക്കുക.

ചരക്കുവണ്ടികൾക്ക് അഞ്ച്‌ കാസ്‌നബ് ബോഗി നിർമിക്കുന്നതിന് 2020 മാർച്ചിലാണ് ഓർഡർ ലഭിച്ചത്. ബാക്കി നാലുബോഗി നിർമാണം പൂർത്തിയാക്കി സെപ്‌തംബറിൽ കയറ്റി അയയ്‌ക്കും. രണ്ടര ലക്ഷത്തിലേറെയാണ് ബോഗി നിർമാണച്ചെലവ്.

ബോഗി നിർമാണത്തിലൂടെ കമ്പനിയുടെ വാർഷികവരവിൽ നാലുകോടിയുടെ വർധനയാണ് പ്രതീക്ഷിക്കുന്നത്. 2016ൽ പിണറായി സർക്കാർ അധികാരമേറ്റശേഷം മുടങ്ങിക്കിടന്ന സ്‌റ്റീൽ കാസ്‌റ്റിങ് ലൈനിന്റെ നിർമാണം വേഗം പൂർത്തിയാക്കാൻ ഓട്ടോകാസ്‌റ്റിന് നിർദേശം നൽകിയിരുന്നു.

കാസ്‌നബ് ബോഗി, സ്‌റ്റീൽ കാസ്‌റ്റിങ് ലൈൻ നിർമാണത്തിനും മെഷീനിങ് ഷോപ്പിനുമായി 2017ൽ 10 കോടി സർക്കാർ അനുവദിച്ചിരുന്നു. ബോഗിക്ക് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങൾക്കുവേണ്ടി ദക്ഷിണ റയിൽവേ നിർമിക്കുന്ന ആവിവണ്ടികളുടെ എൻജിനുവേണ്ട ഉപകരണങ്ങളും നിർമിച്ചു.

വിമാനവാഹിനി കപ്പലായ ഐഎൻഎസ്‌ വിക്രാന്തിനുവേണ്ട ഉപകരണങ്ങളും നിർമിച്ച്‌ കൈമാറി. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി അനെർട്ടുമായി സഹകരിച്ച് ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് സ്‌റ്റേഷൻ ഓട്ടോകാസ്‌റ്റിൽ സ്ഥാപിച്ചു.

പാരമ്പര്യേതര ഊർജസ്രോതസിന്റെ ഉപയോഗം വർധിപ്പിച്ച് വൈദ്യുതി ഇനത്തിൽ വരുന്ന ചെലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായി രണ്ട് മെഗാവാട്ട് സൗരോർജ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങളും ആരംഭിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എൻഐഐഎസ്ടിയുമായി സഹകരിച്ച് കമ്പനിയിലെ ഉപയോഗശൂന്യമായ മോൾഡിങ് മണൽ ഉപയോഗിച്ച് കെട്ടിട നിർമാണത്തിനാവശ്യമായ ഇഷ്‌ടികയുടെ നിർമാണം പരീക്ഷണാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്.

By Rathi N