Wed. Apr 24th, 2024
തൃക്കരിപ്പൂർ:

നാടിന്റെ വ്യാപാര ചരിത്രത്തിനൊപ്പം പ്രായമേറിയതും തല ഉയർത്തി നിന്നതുമായ കെട്ടിടം ഭാഗികമായി തകർന്നു. തൃക്കരിപ്പൂർ ടൗണിനെ പ്രതാപത്തിലേക്ക് കൈപിടിച്ച, വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിനു മുന്നിലെ ഓടുമേഞ്ഞ കെട്ടിടമാണ് മഴയിൽ ഭാഗികമായി തകർന്നത്. ’പൊന്നാനി ബിൽഡിങ്’ എന്ന പേരിൽ പഴയകാലത്ത് അറിയപ്പെട്ട കെട്ടിടമാണിത്.

അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഇരുനില കെട്ടിടം മുൻകാലത്ത് പ്രധാന വ്യാപാരങ്ങളുടെ കേന്ദ്രമായിരുന്നു.ഒന്നാമത്തെ നിലയിലും താഴെയുമായി നൂറിൽപ്പരം തൊഴിലാളികൾ പണിയെടുത്ത ബീഡി തെറുപ്പ് കമ്പനിയും പ്രവർത്തിച്ചിരുന്നു. സാംസ്ക്കാരിക പ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സങ്കേതമായും ഇത് മാറി.

കാലവളർച്ചയിൽ വ്യാപാര സ്ഥാപനങ്ങളിൽ നല്ലൊരു പങ്കും ബീഡിക്കമ്പനിയും കെട്ടിടം വിട്ടു. തൃക്കരിപ്പൂരിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന കെട്ടിടം നിലവിൽ അപകടാവസ്ഥ നേരിടുന്നുണ്ട്. ആവശ്യമായ സംരക്ഷണം ഒരുക്കുകയോ പൊളിച്ചു നീക്കുകയോ ചെയ്തില്ലെങ്കിൽ അപകടത്തിനു വഴിവയ്ക്കും.