കേളകം:
ആറളം ഫാമിൽ വൈവിധ്യവത്കരണത്തിൻറെ ഭാഗമായി കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൻറെ സഹകരണത്തോടെ 25 ഏക്കറിൽ നടത്തിയ മഞ്ഞൾകൃഷി പദ്ധതി വൻ വിജയം. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യം നേരിട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നായിരുന്നു മഞ്ഞൾ. മഞ്ഞളിലൂടെ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന പ്രചാരണത്തിന് ശാസ്ത്രീയ പിൻബലം വ്യക്തമല്ലെങ്കിലും മഞ്ഞളിൻറെ പ്രതിരോധശേഷി മലയാളികൾക്ക് എന്നും വശമായിരുന്നു.
മഞ്ഞളിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആറളം ഫാം ഉൾപ്പെടുന്ന പ്രദേശത്തെ മഞ്ഞൾ ഗ്രാമമാക്കാനുള്ള ശ്രമം ഫലം കാണുകയാണ്. കാസർകോട് സെൻട്രൽ പ്ലാൻെറഷൻ ഇൻസ്റ്റിറ്റ്യൂട്ടാണ് കൃഷി മാർഗനിർദേശങ്ങൾ നൽകിയത്.ആറളത്ത് ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൂർണമായും ഏറ്റെടുക്കാമെന്ന് റെയ്ഡ്കോ, ഫാമുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് റെയ്ഡ്കോ വാങ്ങുക. ഇക്കുറി 150 ടൺ മഞ്ഞളാണ് ഫാമിൽനിന്നും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ഏക്കർ സ്ഥലത്താണ് മഞ്ഞൾ കൃഷി നടത്തിയത്. ഇത് പൊടിച്ച് ആറളം ബ്രാൻഡ് എന്ന പൊതുനാമത്തിൽ വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് ലഭിച്ച സ്വീകാര്യതയാണ് കൃഷി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. വിപണിസാധ്യത പ്രയോജനപ്പെടുത്താനാണ് സർക്കാർ ഏജൻസിയായ റെയ്ഡ്കോയുമായി ധാരണയിൽ എത്തിയത്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ മറ്റ് വിളകളൊന്നും കൂടുതൽ പ്രദേശത്ത് കൃഷി നടത്താൻ സാധിക്കുന്നില്ല. എന്നാൽ, ഇഞ്ചിയും മഞ്ഞളും കാട്ടാനകളും കാട്ടുപന്നിയും നശിപ്പിക്കുന്നില്ല. ആദിവാസി പുനരധിവാസ മേഖലയിൽ കഴിഞ്ഞ മൂന്ന്, നാല് വർഷമായി പട്ടയം കിട്ടിയവരുടെ ഭൂമിയിൽ കൃഷിവകുപ്പ് സൗജന്യമായി വിത്തും വളവും നൽകി മഞ്ഞൾ കൃഷി വ്യാപകമായി നടത്തിയിരുന്നു. മികച്ച ഉൽപാദനവും വന്യമൃഗങ്ങൾ നശിപ്പിക്കുന്നതിൽനിന്ന് ലഭിച്ച സംരക്ഷണവും കൃഷി വ്യാപിപ്പിക്കുന്നതിലേക്ക് നയിച്ചു.
മഞ്ഞളിൽ നിന്നും പ്രതീക്ഷിക്കുന്നത് മികച്ച വരുമാനമാണ്. കഴിഞ്ഞ വർഷം ഉല്പാദിപ്പിച്ചത് പൂർണമായും വിൽപന നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഫാമിൽ നിന്നുതന്നെ മഞ്ഞൾ പൊടിച്ച് പാക്കറ്റായി വിൽപനക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം വളർന്നുവരും. ഇത് കൂടുതൽ തൊഴിലവസരങ്ങളും ഉണ്ടാക്കും. വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗം എന്ന നിലയിൽ പുതിയ പരീക്ഷണം വൻ വിജയമാണ്.