Sat. Apr 20th, 2024
കാസർകോട്:

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു വിവാഹ സൽക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുക്കുമെന്നു വിദ്യാനഗർ പൊലീസ് പറഞ്ഞു.

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആൾക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചുള്ള എല്ലാ പരിപാടിയും ഒഴിവാക്കണമെന്നാണു നിയമം. എന്നാൽ ഇതു ലംഘിച്ചു പഞ്ചായത്തിലെ 4–ാം വാർഡിൽ ഉൾപ്പെടുന്ന അറന്തോടിലെ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ടിൽ നൂറിലേറെ പേരെ പങ്കെടുപ്പിച്ചു വിവാഹ സൽക്കാരം നടത്തുകയായിരുന്നു. രോഗ സ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി വിഭാഗത്തിൽ നടക്കുന്ന കല്യാണത്തിന 20 പേരെ പങ്കെടുപ്പിക്കാനുള്ള അനുമതിയാണുള്ളത്. എന്നാൽ ഇതു ലംഘിച്ചാണു വിവാഹ സൽക്കാരം നടത്തിയതെന്നു അധികൃതർ അറിയിച്ചു.

ആളുകളെ പങ്കെടുപ്പിച്ച് വിവാഹ സൽക്കാരം നടത്തുന്നതായി സെക്ടറൽ മജിസ്ട്രേട്ട് നൽകിയ പരാതിയെ തുടർന്നു കേസെടുത്തിട്ടുള്ളത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് കേസെടുത്തത്. കല്യാണം നടത്താൻ റിസോർട്ട് അനുവദിച്ചതാണ് നിയമം ലംഘനമാണെന്നു പൊലീസ് പറഞ്ഞു. ചെർക്കളയിലെ ഒരു വീട്ടിൽ വിവാഹം നടത്തിയതിനു പൊലീസ് നടപടിയെടുത്തിട്ടുണ്ട്.