Sat. Apr 20th, 2024

കൽപ്പറ്റ:

കൊവിഡ്‌ പ്രതിസന്ധിയിലകപ്പെട്ട വിദ്യാർത്ഥികൾക്ക്‌ കൈത്താങ്ങാവാൻ ‘അരികെ’ പഠനപദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഹയർസെക്കൻഡറി വിഭാഗം. പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന 1000 വിദ്യാർത്ഥികൾക്കാണ്‌ സഹായം. ഒന്നാംഘട്ടത്തിൽ മാനസിക പിന്തുണയുമായി അധ്യാപകർ വീടുകളിലെത്തും.

പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഹയർസെക്കൻഡറി വിഭാഗം വയനാട്ടിൽ നടപ്പാക്കുന്ന ‘അരികെ’ പദ്ധതി മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ‘അരികെ’ പദ്ധതി ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസലിങ് സെല്ലാണ്‌ നേതൃത്വം. ആവശ്യമായ വിഷയാധ്യാപക സേവനം, ഓൺലൈൻ ക്ലാസുകൾ കാണുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുക, വായനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലൈബ്രറി പുസ്തകങ്ങൾ, വിനോദത്തിന് ആവശ്യമായ ഗെയിമുകൾ വീട്ടിലിരുന്ന് കളിക്കുന്നതിന് വിനോദ ഉപകരണങ്ങൾ, ആരോഗ്യപരമായ പ്രയാസം നേരിടുന്ന കുട്ടികൾക്ക് വിദഗ്ധരുടെ സേവനം, കുട്ടികളുടെ സ്വതന്ത്രമായ കലാവിഷ്‌കാരങ്ങൾ പ്രകടിപ്പിക്കുന്നതിന്
നാട്ടുവിദ്യാലയങ്ങൾ, പാഠപുസ്തകങ്ങൾ, നോട്ടുപുസ്തകങ്ങൾ, മറ്റു പഠനസാമഗ്രികൾ തുടങ്ങിയവ ഇല്ലാത്ത കുട്ടികൾക്ക് അത് എത്തിച്ചു നൽകുക എന്നിവയാണ്‌ പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടം ഏറ്റവും പ്രയാസമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തും. പിന്നീട്‌ കുട്ടികൾക്ക് പ്രത്യേക മെന്റർമാരായി അധ്യാപകരെ നിയമിക്കും. പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്‌ ദൈനംദിനം ഈ അധ്യാപകരുമായി ബന്ധപ്പെടാം. ഇങ്ങനെ നിയമിക്കപ്പെടുന്ന മെന്റർമാർ ആഴ്ചയിലൊരു ദിവസം കുട്ടികളുടെ വീടുകളിൽ എത്തും.

സന്ദർശന ഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കി പരിഹരിക്കും. ഈ അക്കാദമിക വർഷം പൂർണമായും തുടരുന്ന രീതിയിലാണ് പദ്ധതി. തുടർന്ന്‌ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സഹായമെത്തിക്കുകയാണ്‌ ലക്ഷ്യം. വിദ്യാർത്ഥിയുടെ വീടിനുസമീപം പിന്തുണ കൊടുക്കാൻ കഴിയുന്ന പൊതുപ്രവർത്തകരുടെയും അക്കാദമിക പ്രവർത്തകരുടെയും പ്രത്യേക പ്രാദേശിക സമിതി രൂപീകരിക്കും.

എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ കൂടുതൽ പിന്തുണാ സംവിധാനം ഒരുക്കും. ജില്ലയിലെ പ്രിൻസിപ്പൽമാരുടെ യോഗവും കരിയർ സൗഹൃദ അധ്യാപകരുടെ പരിശീലനവും പൂർത്തിയാക്കി. വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക്‌ പിടിഎ പ്രസിഡന്റുമാർ അധ്യക്ഷനായുള്ള പ്രത്യേക സമിതികളുണ്ടാവും. ജില്ലയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി ജില്ലാ ഹയർസെക്കൻഡറി വിഭാഗം പദ്ധതി തയ്യാറാക്കുകയും അതിന്‌ സ്‌റ്റേറ്റ്‌ സെൽ അംഗീകാരം നൽകുകയുമായിരുന്നുവെന്ന്‌ ജില്ലാ കൺവീനർ കെ ബി സിമിൽ പറഞ്ഞു.