Sat. Apr 20th, 2024
തിരുവനന്തപുരം:

കെ സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തിൽ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.

നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തിൽ എംഎം മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.

പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാൾകൊണ്ടു വെട്ടിയെന്ന് ആരോപിച്ചു സുധാകരൻ ഹാജരാക്കിയ കണ്ടോത്ത് ഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ് റജിസ്റ്റർ ചെയ്യുന്നതിന്റെ നിയമസാധുതയാണു കോൺഗ്രസ് പരിശോധിക്കുന്നത്. കഴുത്തിനു വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കൈകൊണ്ടു തടഞ്ഞപ്പോൾ, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്‌ഐആർ റജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം.

By Divya