Thu. Apr 25th, 2024
ലക്ഷദ്വീപ്:

രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിറകെ ചലച്ചിത്ര പ്രവർത്തകയായ ഐഷ സുൽത്താനയ്ക്ക് നോട്ടീസ്. 20ന് കവരത്തി ജില്ലാ കോടതിയില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ, പൊലീസിന് അഭിനന്ദനവുമായി സംഘ് അനുകൂലികൾ. ലക്ഷദ്വീപ് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നടപടിയിൽ അഭിനന്ദന പ്രവാഹം ഒഴുകുന്നത്.

‘മീഡിയവൺ’ ചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധമെന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കവരത്തി പൊലീസ് കേസെടുത്തത്. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

മലയാളികൾ അടക്കമുള്ള സംഘ് അനുഭാവികളാണ് വിവിധ പോസ്റ്റുകൾക്കു താഴെ ആശംസാ കമന്റുകളുമായി നിറയുന്നത്. ജിഹാദി, ഇന്ത്യാ വിരുദ്ധ പ്രചാരക, ദേശവിരുദ്ധ എന്നിങ്ങനെയാണ് ഇവർ ഐഷയെ വിശേഷിപ്പിക്കുന്നത്.

ചൈന മറ്റ് രാജ്യങ്ങൾക്കെതിരെ കൊറോണ വൈറസ് എന്ന ജൈവായുധം ഉപയോഗിച്ചതുപോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിനു നേരെ പ്രഫുൽ പട്ടേലെന്ന ജൈവായുധം പ്രയോഗിക്കുന്നതെന്നായിരുന്നു ഐഷയുടെ പരാമർശം. പരാമർശം രാജ്യദ്രോഹപരമാണെന്ന ആരോപണവുമായി സംഘ്പരിവാർ രംഗത്തെത്തി.

എന്നാൽ, താൻ രാജ്യത്തെയോ സർക്കാരിനെയോ അല്ല, പ്രഫുൽ പട്ടേലിനെയാണ് ഉദ്ദേശിച്ചതെന്ന് ഐഷ പ്രതികരിച്ചു. ഒറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ വൈറസ് വ്യാപിക്കാൻ കാരണമായത് പ്രഫുൽ പട്ടേലിന്റെ നടപടികളായിരുന്നുവെന്നും അവർ ആരോപിച്ചു.

By Divya