Tue. Apr 23rd, 2024
കർണാടക:

പേരിനെ ചൊല്ലിയുള്ള തർക്കത്തിൽ കെഎസ്ആർടിസിയുടെ അവകാശ വാദം തള്ളി കർണാടക. കെഎസ്ആർടിസി എന്ന പേര് കേരളത്തിനെന്ന അന്തിമ വിധി വന്നിട്ടില്ലെന്നാണ് കർണാടകത്തിന്റെ നിലപാട്. നിയമനടപടികൾ തുടരുകയാണെന്നും കർണാടക അവകാശപ്പെടുന്നു.

അതേസമയം കെഎസ്ആർടിസി വെബ്സൈറ്റ് ഡൊമൈനിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും, മറ്റു വിഷയങ്ങളിൽ നയപരമായ തീരുമാനമെടുക്കുമെന്നും സിഎംഡി ബിജു പ്രഭാകർ വ്യക്തമാക്കി.

ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കെഎസ്ആർടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടി എന്നതുമുൾപ്പെടെ കേരളത്തിന് അം​ഗീകരിച്ച് കിട്ടിയെന്ന് കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ അറിയിച്ചത്. എന്നാൽ ഇതിനു പിന്നാലെ കോർപ്പറേഷന്റെ അവകാശ വാദം തള്ളുകയാണ് കർണാടക.

പേരിനെ ചൊല്ലിയുള്ള ഹർജികളിൽ അന്തിമ വിധി വന്നിട്ടില്ല. രജിസ്ട്രാർ ഓഫ് ട്രേഡ് മാർക്കിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കർണാടക പറയുന്നു. അതിനാൽ തന്നെ കെഎസ്‌ആർടിസി എന്ന പേര് തുടർന്നും ഉപയോഗിക്കുമെന്ന് കർണാടക അറിയിച്ചു. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സിഎംഡി ശിവയോഗി. സികലാദാസാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവ് വെച്ച് കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്നു കെഎസ്ആർടിസി സിഎംഡി വ്യകത്മാക്കി. തർക്കം ഇരുസംസ്ഥനങ്ങളും തമ്മിൽ ഉചിതമായി പരിഹരിക്കുന്നതിന് സെക്രട്ടറി തലത്തിലും,ആവശ്യമെങ്കിൽ മന്ത്രി തലത്തിലും ചർച്ച നടത്തും.

യാത്രക്കാർ ഓൺലൈനിൽ ടിക്കറ്റിനായി തിരയുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമയിന്റെ പേര് കർണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകയ്ക്ക് പോകുന്നുവെന്നാണ് കോർപ്പറേഷന്റെ പരാതി. വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഡൊമെയിൻ വിഷയത്തിൽ സന്നദ്ധമല്ല എന്ന കേരളത്തിന്റെ നിലപാട് ഉടൻ ഔദ്യോ​ഗികമായി കർണാടകയെ അറിയിക്കുമെന്നും സിഎംഡി അറിയിച്ചു.

By Divya