കുവൈത്ത് സിറ്റി:
ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ച് വിതരണത്തിന് ജൂൺ എട്ടുവരെ കാത്തിരിക്കണം. ലാബ് പരിശോധന പൂർത്തിയാകാത്തതാണ് പ്രശ്നം. ചൊവ്വാഴ്ച പൂർത്തിയാകുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
ആദ്യഡോസ് ആസ്ട്രസെനക സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വൈകുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. നേരത്തേ വന്ന രണ്ട് ബാച്ച് ഒന്നാം ഡോസ് ആയി മൂന്നര ലക്ഷം പേർക്ക് നൽകി. രണ്ട് ബാച്ചുകൾക്ക് ശേഷം മൂന്നാം ബാച്ച് വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
മൂന്നുമാസത്തെ ഇടവേളയിലാണ് ആസ്ട്രസെനക വാക്സിൻ രണ്ട് ഡോസ് നൽകുന്നത്.
നിലവിൽ ഈ കാലപരിധി കഴിഞ്ഞ നിരവധിപേർ ഉള്ളതായും ഇവരിൽ ചിലർക്ക് കോവിഡ് ബാധിച്ചതായും ചൂണ്ടിക്കാട്ടുന്നു. ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിൻറെ സാധ്യത പരിശോധിക്കുക വരെ ചെയ്തിരുന്നു.
പുതുതായി ഇൗ വാക്സിൻ ആർക്കും നൽകുന്നില്ല. ജൂൺ എട്ടിന് ലാബ് പരിശോധന പൂർത്തിയായാൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ സന്ദേശം അയച്ചുതുടങ്ങും.
അതേസമയം, ആശങ്കപ്പെടാനില്ലെന്നും ആസ്ട്രസെനക കമ്പനി അധികൃതരുമായും പ്രാദേശിക ഏജൻറുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് അനിയന്ത്രിതമായി നീളില്ലെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.