Thu. Apr 25th, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കാൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സർക്കാരിൽ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെകെ രാഗേഷിനെ തീരുമാനിച്ചിരുന്നു.

എംവി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തന്നെ തുടരും.

മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള മിക്കവരെയും നിലനിർത്താനാണ് സാധ്യത. പിണറായി വിജയൻ ഒഴികെയുള്ള എല്ലാവരും പുതുമുഖങ്ങളായതിനാൽ സ്റ്റാഫിന്റെ കാര്യത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ പരമാവധി എണ്ണം 25ൽ ഒതുക്കി നിർത്തണമെന്ന് സിപിഐഎം തീരുമാനിച്ചിരുന്നു.

ഇതിൽ മാറ്റമുണ്ടാകുമോ എന്നും ഇന്നറിയാം. കെകെ ശൈലജയ്ക്ക് മന്ത്രിപദവി നൽകാത്തത് സംബന്ധിച്ചുണ്ടായ വിവാദങ്ങളും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്താൻ സാധ്യതയുണ്ട്.

By Divya