Fri. Mar 29th, 2024
ദോഹ:

ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരമേധത്തിനെതിരായ ഗൾഫിലെ ചലനങ്ങളുടെ കേന്ദ്രമായി ഖത്തർ മാറുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിെൻറ കൃത്യമായ വിവരങ്ങൾ ലോകത്തിനു​ മുന്നിൽ എത്തിക്കുന്നത്​ ദോഹ ആസ്​ഥാനമായുള്ള ‘അൽ ജസീറ’ ചാനൽ ആണ്​. ഗാസ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്​ദ്​ അതിസാഹസികമായാണ്​ ബോംബ്​ ആക്രമണത്തിെൻറ തൽസമയ റിപ്പോർട്ടിങ്​ നടത്തുന്നത്​.

കഴിഞ്ഞ ദിവസം റിപ്പോർട്ടിങ്ങിനിടെ ഇസ്രായേലിെൻറ ബോംബുകൾ തൊട്ടടുത്ത്​ പതിച്ചിരുന്നു. ഇതിെൻറ ശബ്​ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞ ദിവസം ചാനലിന്റെയും അസോസിയേറ്റഡ്​ പ്രസ്​ ന്യൂസ്​ ഏജൻസിയുടെയും ഗാസയിലെ ഓഫിസുകൾ ഇസ്രായേൽ തകർത്തിരുന്നു.

ശനിയാഴ്​ച രാത്രി പലസ്തീന് ഐക്യദാർഢ്യവുമായി ആയിരങ്ങളാണ്​ ഖത്തറിൽ ഒത്തുകൂടിയത്​. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ്​ ബാനറുകളും പലസ്തീൻ കൊടികളുമേന്തി ഇമാം അബ്​ദുൽ വഹാബ്​ പള്ളി (ഗ്രാൻഡ്​ മോസ്​ക്​) പരിസരത്ത്​ സംഗമിച്ചത്​.

വൈകുന്നേരം ഏഴിന്​ തുടങ്ങിയ ഐക്യദാർഢ്യ സംഗമം രാത്രി 10 വരെ നീണ്ടു. നൂറുകണക്കിന്​ ഖത്തരികളും വിദേശികളും പ​ങ്കെടുത്തു. ഹമാസിന്റെ രാഷ്​ട്രീയകാര്യ മേധാവി ഡോ ഇസ്​മായിൽ ഹനിയ്യയും ആഗോള മുസ്​ലിം പണ്ഡിത സഭ ജനറൽ സെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പ​ങ്കെടുത്തു. ‘നഹ്​നു ഫലസ്​തീൻ യാ ഹയ്യാ…യാ ഖത്തർ യാ ബയ്യാ…’ (നമ്മുടെ ഫലസ്​തീൻ അതിജീവിക്കട്ടെ, ഖത്തർ എന്നും ഉയരങ്ങൾ താണ്ട​ട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെ ചൊല്ലി.

By Divya