Fri. Mar 29th, 2024
തിരുവനന്തപുരം:

കൊവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി റേറ്റും (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ 16 കഴിഞ്ഞും ലോക്ഡൗൺ നീട്ടുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഇന്നത്തെയും നാളത്തെയും കൊവിഡ് കണക്കുകൾ കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം. കൊവിഡ് വ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണു ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്‌‌ഷൻ റിപ്പോർട്ട്.

ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കൊവിഡ് വിദഗ്ധസമിതിയുടെയും നിർദേശം. എന്നാൽ അതു പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദവുമുണ്ട്. പകരം, പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളിൽ മാത്രം പൂർണ ലോക്ഡൗണും മറ്റിടങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്.

നിലവി‍ൽ 4.32 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ഇത് 6 ലക്ഷം വരെയായി ഉയർന്നേക്കാമെന്നതു മുന്നിൽക്കണ്ടു ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതർക്കു നിർദേശം നൽകി.

സമ്പൂർണ ലോക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളിൽ അറിയാം. ലോക്ഡൗൺ പെട്ടെന്നു പിൻവലിച്ചാൽ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകൾ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

By Divya