Thu. Apr 25th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പൊലീസ് ആംബുലൻസുകളിൽ ഓക്സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്കു തുടക്കമായി. അന്തരീക്ഷത്തിൽ നിന്നും മറ്റു വാതകങ്ങളെ ഒഴിവാക്കി ഓക്സിജൻ മാത്രം സ്വീകരിക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകള്‍.

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലെയും ഓരോ ആംബുലൻസിൽ ഓക്സിജൻ കോൺസൻട്രേറ്റർ ലഭ്യമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് ആംബുലന്‍സുകളിലെ ഈ സംവിധാനം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്‍തു. അത്യാവശ്യസന്ദർഭങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് നിലവില്‍ 150 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് എത്തിയത്. കേന്ദ്രസർക്കാർ പദ്ധതിവഴിയെത്തിയ ഓക്സിജൻ മെഷീൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‍സിഎൽ) ആണ് വിതരണം ചെയ്യുക എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്സിജൻ സൗകര്യം തീരെ ഇല്ലാത്ത ജില്ലകൾക്കാണ് മുൻഗണന. ഇനി ഇത്തരത്തിലുള്ള 5000 ഓക്സിജന്‍ കോൺസൻട്രേറ്റര്‍ ഉപകരണങ്ങള്‍ കൂടി സംസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് രോഗികൾക്ക് ഏറെ ഉപകാരപ്രദമാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം. സിലിൻഡറില്ലാതെ ഉപയോഗിക്കാവുന്ന ഈ ഉപകരണത്തിന് അഞ്ചുലിറ്ററാണ് സംഭരണശേഷി എന്നാണ് റിപ്പോര്‍ട്ടുകള്‍.

By Divya