Thu. Apr 25th, 2024
പത്തനംതിട്ട:

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയായ ബാബുക്കുട്ടനെ പൊലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടിലെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായിട്ടാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ഇയാളെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.

മാസ്‌കും കൂളിങ് ഗ്ലാസും ധരിച്ച ഇയാള്‍ കാട്ടിലൂടെ സഞ്ചരിച്ച് പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടില്‍ എത്തുകയായിരുന്നു. നാട്ടുകാര്‍ സംശയം തോന്നി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മഫ്തിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാബുക്കുട്ടനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഇയാളുടെ കൈയില്‍ നിന്ന് പൊലീസ് 3500 രൂപ കണ്ടെടുത്തു. എന്നാല്‍ യുവതിയില്‍ നിന്നും കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായിട്ടാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഏപ്രില്‍ 28 രാവിലെ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂരില്‍ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയില്‍നിന്ന് ട്രെയിന്‍ കയറിയതായിരുന്നു യുവതി.

ട്രെയിന്‍ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ ഇയാള്‍ യുവതിക്കരികില്‍ എത്തുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങുകയുമായിരുന്നു. വീണ്ടും ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു.

By Divya