Thu. Apr 25th, 2024
ന്യൂഡല്‍ഹി:

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമര്‍ശം. കേന്ദ്രം വാക്‌സിന്‍ വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുന്‍പ് നിലപാട് അറിയിക്കണം.

രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ ശേഖരം അടുത്ത നാല് ദിവസത്തിനകം ഉത്പാദിപ്പിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയമെന്ന് ബെഞ്ച് വ്യക്തമാക്കി. നൂറ് ശതമാനം വാക്‌സിന്‍ ഡോസുകളും വാങ്ങുന്നതിലും, വാക്‌സിന്‍ വിലയിലും യുക്തിയില്‍ അധിഷ്ഠിതമായ സമീപനം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണം. കേന്ദ്രം വാക്‌സിന്‍ നയം പുനഃപരിശോധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബെഞ്ച്.

തിരിച്ചറിയല്‍ രേഖയില്ല എന്നതിന്റെ പേരില്‍ ആശുപത്രി പ്രവേശനമോ, അവശ്യ മരുന്നുകളോ നിഷേധിക്കാന്‍ പാടില്ല. ആശുപത്രി പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം നയം രൂപീകരിക്കണം. കേന്ദ്ര നയം സംസ്ഥാനങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

സാമൂഹ മാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി പാടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കണം. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും, വലിയ കൂട്ടായ്മകള്‍ അടക്കം വിലക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

By Divya