Sat. Apr 20th, 2024
ന്യൂഡൽഹി:

രാജ്യത്ത് മൂന്നാംഘട്ട വാക്സിൻ എടുക്കുന്നവർ പണം നൽകണം. മെയ് ഒന്നിന് ആരംഭിക്കുന്ന 18 മുതൽ 45 വയസ്സുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നും മാത്രമാണ് വാക്സിനേഷനെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ നയത്തിനെതിരെ സംസ്ഥാനങ്ങൾ രംഗത്തെത്തുന്നതിനിടെയാണ് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം വാക്സിനേഷനെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ രജിസ്ട്രേഷൻ നടപടി പ്രഖ്യാപിച്ചത്

ഏപ്രിൽ 28 മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്റ്റർ ചെയ്യാം. 18 മുതൽ 45 വയസ്സുള്ളവർക്ക് മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ വഴി മാത്രമാണ് വാക്സിൻ ലഭ്യമാക്കുക. വാക്സിനേഷനായി ആളുകൾ പണം ചെലവഴിക്കേണ്ടി വരും. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷിൽഡ് വാക്സിൻ 600 രൂപയ്ക്കും ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ 1200 രൂപയ്ക്കുമാണ് സ്വകാര്യമേഖലയിൽ നൽകുന്നത്.

വാക്സിൻ സ്വീകരിക്കാനായി കൊവിൻ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഒന്നു , രണ്ടും ഘട്ടങ്ങളിൽ ഉണ്ടായ നടപടിക്രമങ്ങൾ തന്നെയാണ് തുടരേണ്ടത്. അതിനിടെ, മൂന്നാംഘട്ട വാക്സിനേഷനായി വാക്സിൻ ഓർഡർ നൽകാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ ബന്ധപ്പെട്ടെങ്കിലും മെയ് 15വരെ വാക്സിൻ ലഭിക്കില്ലെന്ന് അറിയിച്ചതായി രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ പറഞ്ഞു.

കേന്ദ്ര സർക്കാർ ഓർഡർ ചെയ്ത വാക്സിൻ നൽകാൻ മെയ് 15 വരെ സമയം വേണമെന്നാണ് സിറം ഇൻസ്റ്റിട്ടുട്ടിന്റെ പ്രതികരണമെന്നും രഘു ശർമ്മ കൂട്ടിചേർത്തു. യുവജനങ്ങളുടെ വാക്സിനേഷൻ സ്വകാര്യമേഖലയിൽ ആരംഭിക്കുമ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സ‍ർക്കാർ ആശുപത്രികളിൽ തന്നെ തുടർന്നേക്കും.

By Divya