Thu. Apr 25th, 2024
മുംബൈ:

മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. മഹാരാഷ്ട്രയിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് ഒരാഴ്ച കൊണ്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.

‘ഒരാഴ്ച കാത്തുനില്‍ക്കും. മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയും’, ഷെട്ടി പറഞ്ഞു. വാക്‌സിന്‍ ലഭിക്കാത്തതില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ദേഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ പകുതി പേരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരായിട്ടും വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രം അനാസ്ഥ കാണിക്കുന്നത് നിര്‍ഭാഗ്യമാണെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു വാഹനവും അതിര്‍ത്തി കടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 58993 പേര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

അതേസമയം വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ച് നിരവധി സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

By Divya