Fri. Mar 29th, 2024
കൊല്‍ക്കത്ത:

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. ബിജെപി എന്തുപറഞ്ഞാലും അതുമാത്രം കേള്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്ന ഒന്നും കമ്മീഷന്‍ കേള്‍ക്കുന്നില്ലെന്നും മമത പറഞ്ഞു. ”ബിജെപി പറയുന്നതെന്തും അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അതിന് യാതൊരു ഫലവുമുണ്ടാകില്ല. ബിജെപി വിജയിക്കില്ല. ഞാന്‍ വെല്ലുവിളിക്കുകയാണ്. ബിജെപി ഒരു സീറ്റ് പോലും നേടില്ല,” മമത പറഞ്ഞു.

അതേസമയം, ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്കാണ് മമതയ്ക്കെതിരെ വീണ്ടും കമ്മീഷന്‍ നോട്ടീസ് അയച്ചത്. മമതയുടെ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഹിന്ദു-മുസ്ലിം വോട്ടര്‍മാര്‍ ബിജെപിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്ക്കെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

By Divya