Thu. Apr 25th, 2024
തലശ്ശേരി:

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വം വോട്ടര്‍മാരോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നേരത്തെ തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ” തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ സിഒടി നസീറിനാണ്. അദ്ദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യും. പ്രചാരണത്തില്‍ സജീവമാകും,” എന്നായിരുന്നു കെസുരേന്ദ്രന്‍ പറഞ്ഞത്.

എന്നാല്‍ ഇതിന് പിന്നാലെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബിജെപി തങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സിഒടി നസീറും മുന്നോട്ട് വന്നിരുന്നു. ബിജെപി സഹകരിക്കാത്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ബിജെപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചുമതലയുള്ള വിനോദാണ് തലശ്ശേരിയില്‍ മനസാക്ഷി വോട്ട് എന്നതാണ് ബിജെപിയുടെ നിലപാടെന്ന് വ്യക്തമാക്കിയത്. സിഒടി നസീറിന് വോട്ട് ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ തലശ്ശേരിയിലെ പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുകയും സിഒടി നസീറിന് വോട്ട് ചെയ്യില്ലെന്ന് പറയുകയും ചെയ്തിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ഷംസീര്‍ പറയുന്നത് മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ പോലും 50 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്നാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും തലശ്ശേരിയില്‍ വലിയ ആത്മവിശ്വാസത്തിലാണ്.

By Divya