Thu. Apr 25th, 2024
കോഴിക്കോട്:

ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ സിപിഐ മുഖപത്രം. ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ടവോട്ട് വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന് ഇടപെടാനാവില്ല.

വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പിന് സജ്ജീകരിക്കുക എന്ന കര്‍ത്തവ്യത്തിനാണ് വര്‍ത്തമാനങ്ങളേക്കാള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കേണ്ടത്. ഇരട്ടവോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായൊന്നുമല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

പാകപ്പിഴകൾ കണ്ടെത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് അൽപ്പത്തമാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തതാണ്.

140 മണ്ഡലങ്ങളിലും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഇപ്പോഴാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികളായ കലക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായാലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായാലും മത്സരിച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി ജനാധിപത്യപ്രക്രിയയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. നടപടിക്രമങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം തന്നെ മുന്നോട്ടു കൊണ്ടു പോകാന്‍ തയ്യാറാവണമെന്നും മുഖപത്രം പറയുന്നു.

By Divya