Fri. Apr 19th, 2024
കൊൽക്കത്ത:

പശ്ചിമ ബംഗാൾ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ വംഗനാട്ടിലെ പ്രചാരണം ആവേശമാക്കാനെത്തിയിട്ടുണ്ട്. അക്രമത്തിൽ നിന്ന് പശ്ചിമബംഗാളിനെ മോചിപ്പിക്കണമെന്ന ആവശ്യമാണ് നരേന്ദ്ര മോദി ഇന്നലെ മുന്നോട്ടുവച്ചത്.

വര്‍ഗീയ പ്രീണന നയത്തിനെതിരെ ജനംവിധിയെഴുതുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഇതിനിടെ അക്രമ രാഷ്ട്രീയം പരാമര്‍ശിച്ചുള്ള ഗവര്‍ണര്‍ ജഗ്ദീപ് ധൻകറുടെ പ്രസ്താവനക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ പ്രചാരണരംഗം കൂടുതല്‍ ചൂടുപിടിച്ചു.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കാന്തിയിലാണ് ഇന്നലെ നരേന്ദ്ര മോദി തൃണമൂൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയ മോദി ഇതിൽ നിന്ന് മാറ്റത്തിനായുള്ള അവസരം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. അമിത്ഷായും ജെ പി നദ്ദയും കഴിഞ്ഞ ദിവസം നടത്തിയ റോഡ്ഷോകൾക്ക് ശേഷമായിരുന്നു മോദിയുടെ റാലി.

അതിനിടെ ഭയമില്ലാതെ വോട്ടര്‍മാര്‍ പുറത്തേക്ക് വരണമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധൻകര്‍ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറുകയാണ്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പിൽ ഒരുപക്ഷം പിടിക്കുന്നു എന്ന് തൃണമൂൽ കോണ്‍ഗ്രസ് ആരോപിച്ചു. അക്രമങ്ങൾ അരങ്ങേറിയ ഝാര്‍ഗ്രാമിലും ബര്‍ദമാനിലും കൂടുതൽ കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്

By Divya