Thu. Apr 25th, 2024
മുംബൈ:

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മഹാ വികാസ് അഘാഡി നിര്‍ണായക യോഗം ചേരുന്നു. ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

ട്രാന്‍സ്ഫറായതിന് ശേഷമാണ് പരംബീര്‍ സിംഗ് ഈ ആരോപണങ്ങളെല്ലാം നടത്തിയിരിക്കുന്നതെന്നും അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ശരദ് പവാര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെയോ ബാങ്ക് അക്കൗണ്ടുകളില്‍ പണമിടപാട് നടന്നതിന്റെ തെളിവുകളില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ശരദ് പവാര്‍ ആവശ്യപ്പെട്ടു. മുംബൈ മുന്‍ പൊലീസ് ചീഫായ ജൂലിയോ റിബേയ്‌റോ ഈ കേസ് അന്വേഷിക്കണമെന്നും അദ്ദേഹത്തെ ആര്‍ക്കും സ്വാധീനിക്കാനാവില്ലെന്നും അദ്ദേഹത്തിന് വലിയ വിശ്വാസ്യതയുണ്ടെന്നും ശരദ് പവാര്‍ പറഞ്ഞു. പരംബീറിന്റെ ആരോപണങ്ങള്‍ക്ക് മഹാസഖ്യത്തെ തകര്‍ക്കാനാവില്ലെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

By Divya