Thu. Apr 25th, 2024
കൊച്ചി:

കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പിസി തോമസിനൊപ്പമുള്ള കേരള കോൺഗ്രസും ലയനത്തിലേയ്ക്കെന്നു സൂചന. ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടന്നിട്ടുണ്ട്. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്ക്കെത്തുക എന്നാണ് അറിയുന്നത്.

ലയനം നടക്കുകയാണെങ്കിൽ പിജെ ജോസഫ് പാർട്ടി ചെയർമാനാകും. മറ്റു പദവികൾ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിൻ്റെ ചിഹ്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്.

വർഷങ്ങളായി എൻഡിഎയിൽ പിസി തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്. സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പിസി തോമസ്.

എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിസി തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാർഥികളുടെ വിജയത്തിനു പിന്നിൽ തന്റെ പാർട്ടിയാണെന്ന വാദവും തോമസ് ഉയർത്തുന്നു.

By Divya