Fri. Apr 19th, 2024
തിരുവനന്തപുരം:

കോൺഗ്രസ് കേരള കോൺഗ്രസ് (ജോസഫ്) ചർച്ചകളിൽ തീരുമാനമാകാതെ യുഡിഎഫ് സീറ്റ് ധാരണ വൈകുന്നു. 2 റൗണ്ട് ചർച്ചയ്ക്കുശേഷവും കോട്ടയം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണു തർക്കം. ജില്ലയിലെ 9 സീറ്റുകളിൽ മാണി സി കാപ്പൻ മത്സരിക്കുന്ന പാലാ ഒഴികെയുള്ള 8 സീറ്റുകൾ തുല്യമായി പങ്കിടാമെന്നാണു പിജെ ജോസഫിന്റെ നിലപാട്.

കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ നിർബന്ധമായും വേണമെന്നും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവയിലൊന്നു വിട്ടുനൽകാമെന്നും പറയുന്നു. കടുത്തുരുത്തിയും ചങ്ങനാശേരിയും നൽകാമെന്നും പൂഞ്ഞാർ പരിഗണിക്കാമെന്നും കോൺഗ്രസ് മറുപടി നൽകി. എന്നാൽ, ഏറ്റുമാനൂരും കൂടിയേ തീരൂ എന്ന ജോസഫ് ഗ്രൂപ്പിന്റെ കടുംപിടിത്തത്തിൽ ചർച്ച വഴിമുട്ടി.

യുഡിഎഫിലെ മറ്റു പാർട്ടികളുമായി ഏകദേശ സീറ്റ് ധാരണയായി. മുസ്‌ലിം ലീഗിന് ബേപ്പൂർ, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകൾ കൂടി അധികമായി ലഭിക്കും. ഇതോടെ ലീഗിനു മൊത്തം 27 സീറ്റ്. ലീഗ് മത്സരിച്ചിരുന്ന ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുത്ത്, പകരം കുന്നമംഗലം നൽകും. ചടയമംഗലം ലീഗിനു കൈമാറി, പുനലൂരിൽ കോൺഗ്രസ് മത്സരിക്കും.

മാണി സി കാപ്പന്റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയ്ക്കു (എൻസികെ) പാലായ്ക്കു പുറമേ എലത്തൂർ കൂടി നൽകും. ഇതോടെ എൻസിപി മന്ത്രി എകെ ശശീന്ദ്രനെതിരെ എൻസികെ സ്ഥാനാർഥി വരും. ആർഎസ്പി കയ്പമംഗലത്തിനു പകരം അമ്പലപ്പുഴ ചോദിച്ചെങ്കിലും ലഭിക്കാനിടയില്ല. സിഎംപിക്കു നെന്മാറ നൽകും. കേരള കോൺഗ്രസ് (ജേക്കബ്) സിറ്റിങ് സീറ്റായ പിറവത്തു തന്നെ മത്സരിക്കും. ഫോർവേഡ് ബ്ലോക്കിനും ഭാരതീയ നാഷനൽ ജനതാദളിനും ഓരോ സീറ്റ് കിട്ടിയേക്കും.

By Divya