Tue. Apr 23rd, 2024
ചെന്നൈ:

പുതുച്ചേരിയിൽ ഇന്നു വിശ്വാസവോട്ടെടുപ്പു നടക്കാനിരിക്കെ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി വീണ്ടും എംഎൽഎമാരുടെ രാജി. കോൺഗ്രസ് എംഎൽഎ കെ ലക്ഷ്മീനാരായണൻ, ഡിഎംകെ എംഎൽഎ കെ വെങ്കടേശൻ എന്നിവരാണ് ഇന്നലെ സ്പീക്കറുടെ വസതിയിൽ എത്തി രാജി നൽകിയത്. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച ഭരണകക്ഷി എംഎൽഎമാരുടെ എണ്ണം ആറായി.

ഇവർ തങ്ങൾക്കൊപ്പം ചേരുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്. ഇപ്പോൾ കോൺഗ്രസിന് സ്പീക്കർ ഉൾപ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും. പ്രതിപക്ഷത്തു നിന്ന് പിന്തുണ ലഭിക്കുമെന്ന ഭരണകക്ഷിയുടെ അവകാശവാദം നടന്നില്ലെങ്കിൽ ഇന്നു സർക്കാർ വീഴും.

നാമനിർദേശത്തിലൂടെ എംഎൽഎമാരായ 3 അംഗങ്ങൾക്കു വോട്ട് ചെയ്യാൻ സ്പീക്കർ അനുമതി നൽകാതിരിക്കുകയോ,  കോൺഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിപക്ഷത്തെ 2 എംഎൽഎമാരെ അയോഗ്യരാക്കുകയോ ചെയ്താൽ മാത്രമേ ഇനി സർക്കാരിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. രണ്ടിൽ കൂടുതൽ പ്രതിപക്ഷ എംഎൽഎമാർ സഭയിൽ എത്തിയില്ലെങ്കിലും സർക്കാർ വോട്ടെടുപ്പിൽ വിജയിക്കും.

അതിനിടെ, വിശ്വാസവോട്ട് തേടുന്ന കാര്യത്തിൽ ഇന്നു രാവിലെ 10 ന് സഭ ചേരുന്നതിനു മുൻപ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി വി.നാരായണസാമി അറിയിച്ചു.

By Divya