Fri. Mar 29th, 2024
ദുബായ്:

ബുർജ് ഖലീഫയുടെ ഉയരം കീഴടക്കി ലുലു ഗ്രൂപ്പ്. എംഎ യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ്, 200 ഹൈപ്പർമാർക്കറ്റ് പൂർത്തിയാക്കിയ ആഘോഷത്തിൻ്റെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ മിന്നിത്തെളിഞ്ഞു. ശനി രാത്രി 8 മുതൽ 9.30 വരെയാണ് ലുലു ചിത്രങ്ങളും സന്ദേശങ്ങളും ബുര്‍ജ് ഖലീഫയിൽ വർണത്തിൻ്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ടത്.

ലോകം മുഴുവൻ ഈ ദൃശ്യം കണ്ടാസ്വദിച്ചു. മലയാളത്തിലടക്കം നന്ദി പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു ലുലുവിൻ്റെ ആഘോഷം. കടുംപച്ച പശ്ചാത്തലത്തിൽ ലുലു ലോഗോയോടൊപ്പം നന്ദി എന്ന് മലയാളത്തിൽ തെളിഞ്ഞപ്പോൾ അത് ലോക മലയാളികൾക്ക് അഭിമാനത്തിൻ്റെ നിമിഷങ്ങളായി. പുതിയ ഉയരങ്ങൾ കീഴടക്കിയതിൻ്റെ സന്തോഷമാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ ഷാരൂഖ് ഖാനടക്കമുള്ള സെലിബ്രിറ്റികളുടെയും ചില സ്വകാര്യവ്യക്തികളുടെയും നാമങ്ങൾ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫയിൽ പ്രത്യക്ഷമായിട്ടുണ്ട്. ഇതാദ്യമായാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പിൻ്റെ ചിത്രങ്ങളും സന്ദേശങ്ങളും വരുന്നത്.

By Divya