Wed. Apr 24th, 2024
ന്യൂഡൽഹി:

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലടക്കം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തീരദേശ മേഖലകളിൽ വ്യാപക പ്രചാരണം നടത്തുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. യുഎസ് കമ്പനിയുടെ ട്രോളറുകൾക്കു കേരള തീരത്ത് സംസ്ഥാന സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്, രാഹുലിനെ രംഗത്തിറക്കി മേഖലയിലെ വോട്ടുറപ്പിക്കാനുള്ള നീക്കം.

ഈ മാസം 24നു കൊല്ലം വാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി രാഹുലിന്റെ കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലെ തീരദേശ മേഖലയെ തകർക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നുവെന്ന പ്രചാരണവുമായി കോൺഗ്രസ് രംഗത്തിറങ്ങും. ‘കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യം പാർട്ടി ഉയർത്തും.

പോണ്ടിച്ചേരിയിലെ തീരദേശ മേഖലയിൽ കഴിഞ്ഞ ദിവസം രാഹുൽ നടത്തിയ പ്രചാരണത്തിനു മികച്ച പ്രതികരണം ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് മറ്റിടങ്ങളിലും സമാന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കം. ഉത്തരേന്ത്യയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്കൊപ്പം ഉറച്ചുനിന്നതിന്റെ മാതൃകയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളെയും കോൺഗ്രസ് ചേർത്തു നിർത്തണമെന്നാണു രാഹുലിന്റെ നിലപാട്.

തീരദേശ മേഖലകളിലെ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാക്കാൻ രാഹുലിന്റെ സന്ദർശനം ഗുണം ചെയ്യുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. കേരളത്തിനു പിന്നാലെ തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിലെയും തീര മേഖലകൾ രാഹുൽ സന്ദർശിച്ചേക്കും.

By Divya