Wed. Apr 24th, 2024
മുംബൈ:

സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ട്വിറ്ററിൽ തരംഗം സൃഷ്ടിക്കാൻ ‘ടൂൾകിറ്റ്’ പ്രചരിപ്പിച്ച കേസിൽ ഡൽഹി പൊലീസ് പ്രതിചേർത്ത മലയാളി അഭിഭാഷക നികിത ജേക്കബിന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി ബോംബെ ഹൈക്കോടതി. ജസ്റ്റിസ് പി ഡി നായിക്ക് ആണ് നികിത ജേക്കബിന് അറസ്റ്റിൽ നിന്ന് മൂന്നാഴ്ചത്തേക്ക് സംരക്ഷണം
നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്നത് ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരില്ലെന്ന ഡൽഹി പൊലീസിൻ്റെ വാദം കോടതി തള്ളി.

അറസ്റ്റ് ചെയ്യപ്പെട്ടാൽത്തന്നെ 25,000രൂപയുടെ ആൾജാമ്യത്തിൻമേൽ നികിതയെ വിട്ടയക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ പറയുന്നു. അറസ്റ്റ് തടയാൻ നികിത കോടതിയെ സമീപിക്കാൻ കാരണം, ജാമ്യമില്ലാ വകുപ്പുകൾ ദില്ലി പൊലീസ് ചുമത്തിയതുകൊണ്ടാണെന്നും നികിതയുടെ അഭിഭാഷകൻ വാദിച്ചു.

ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, അടക്കമുള്ള ഐപിസി വകുപ്പുകൾ ചുമത്തിയാണ്
ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൻ്റെ മെറിറ്റുകളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും പറഞ്ഞ കോടതി, നികിതയ്ക്ക് മൂന്നാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം അനുവദിക്കുകയായിരുന്നു.

By Divya