Wed. Apr 24th, 2024
കാസര്‍കോട്:

മഞ്ചേശ്വരത്ത് എം സി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് എ കെ എം അഷ്റഫിനെ മത്സരിപ്പിക്കാൻ മുസ്ലീംലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എം സി കമറുദ്ദീന് തിരിച്ചടിയായത്. മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റായിരുന്ന അഷ്റഫിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. 35 വർഷമായി ലീഗ് ജയിക്കുന്ന മഞ്ചേശ്വരത്ത് ആദ്യമായി നാട്ടുകാരനായ ഒരാൾ മത്സരിക്കുന്നത് വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഷ്റഫ്

2019 ലെ ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരംകാരനായ എ കെ എം അഷ്റഫിനെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ലീഗ് ജില്ലാ പ്രസിഡന്‍റായിരുന്ന എംസി കമറുദ്ദീനായി സംസ്ഥാന നേതാക്കൾ ഉറച്ച് നിന്നതോടെ എ കെ എം അഷ്റഫിന് വഴിമാറേണ്ടി വന്നു. എന്നാൽ ഇത്തവണ സംസ്ഥാന നേതാക്കളുടെ കൂടി പിന്തുണയോടെ സീറ്റുറപ്പിച്ചിരിക്കുകയാണ് അഷ്റഫ്.

ലീഗ് അനുഭാവികളടക്കം പരാതിക്കാരായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ ജയിലിൽ പോകേണ്ടിവന്ന എം സി കമറുദ്ദീനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നാണ് മുസ്ലീംലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. പ്രാദേശികവികാരം, തുളു കന്ന‍ഡ ഭാഷകളിലെ പ്രാവിണ്യം, യുവപ്രാതിനിധ്യം ഉറപ്പാക്കൽ, തുടങ്ങിയവയാണ് അഷ്റഫിന് അനുകൂലമായ ഘടകങ്ങൾ. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് കമറുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്.

By Divya