Wed. Apr 24th, 2024
IFFK

തിരുവനന്തപുരം:

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ പതിവില്‍ നിന്ന് വിഭിന്നമായി നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് നാലു മേഖലകളിലായി ആയിരിക്കും ഇത്തവണചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്കെയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്താറുണ്ട്. അതുകൊണ്ട് ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്.

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ മേഖലയിലെയും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും.

തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും. എറണാകുളത്ത് 17 മുതല്‍ 21 വരെയും. തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും. പാലക്കാട് മാര്‍ച്ച് 1 മുതല്‍ അഞ്ചു വരെയുമായിരിക്കും മേള. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

https://www.youtube.com/watch?v=FZpixSklMg8

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് മേള. സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പത്ര സമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

200 പേര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. രജിസ്‌ട്രേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഐഎഫ്എഫ്കെ രജിസ്ട്രേഷന് 48 മണിക്കൂറിനിടെ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.

രജിസ്ട്രേഷന്‍ സ്വദേശം ഉള്‍പ്പെടുന്ന അതത് മേഖലകളില്‍ ആയിരിക്കും. ഓണ്‍ലെെനായാണ് രജിസ്ട്രേഷന്‍. ഫീസ് ഇത്തവണ കുറച്ചിട്ടുണ്ട് പൊതുവിഭാഗത്തിന് 700 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്.

തീയേറ്ററുകളില്‍ റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. തീയേറ്ററുകളിലെ പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും. സീറ്റ് നമ്പരടക്കം റിസര്‍വേഷനില്‍ ലഭിക്കും.

തെര്‍മല്‍ സ്കാനിങ് നടത്തിയതിന് ശേഷം മാത്രമായിരിക്കും തീയേറ്ററിനകത്ത് പ്രവേശിപ്പിക്കുക. വിദേശ ജൂറികളോ അിഥികളോ പ്രതിനിധികളോ നേരിട്ട് പങ്കെടുക്കില്ല. അതേസമയം, ഓണ്‍ലെെനായി സംവാധങ്ങളും മറ്റ് പരിപാടികളും ഉണ്ടാകും.

നേരത്തെ മേള ഒഴിവാക്കാനുള്ള ഒരു തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഐഎഫ് എഫ്കെയുടെ രജത ജൂബിലി പതിപ്പ് കൂടി ആയതിനാല്‍ ആണ് ഉപേക്ഷിക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയിത്. അതുകൊണ്ട് കൂടിയാണ് തിരുവനന്തപുരം എന്ന സ്ഥിരം വേദി മാറ്റി വിവിധ ഇടങ്ങളില്‍ നടത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam