Thu. Apr 25th, 2024
Rajan's Son Ranjith

തിരുവനന്തപുരം:

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യഭീഷണി മുഴക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതകളുടെ മക്കളുടെ ഓരോ വാക്കുകളും വളരെ വേദനയോടെ ആയിരുന്നു കേരളം കേട്ടത്.

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ വീട് വേണമെന്നാണ് മക്കളായ രഞ്ജിത്തും രാഹുലും പറയുന്നത്. ഇവിടം വിട്ട് പോകില്ലയെന്നാണ് മക്കള്‍ തേങ്ങിക്കരഞ്ഞ് കൊണ്ട് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇന്നലെ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാനായി രാജന്‍റെ ഇളയ മകന്‍ 17 വയസ്സുകാരനായ രഞ്ജിത് കുഴിയെടുക്കുന്ന കാഴ്ചയായിരുന്നു നനവ് പടര്‍ത്തിയത്.

അച്ഛന്‍റെ അവസാനത്തെ ആഗ്രഹം താമസിക്കുന്ന സ്ഥലത്തു തന്നെ അടക്കം ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹം നിറവേറ്റാനാണ് പതിനേഴുകാരനായ മകൻ രഞ്ജിത്ത് അച്ഛനുവേണ്ടി കുഴിയെടുത്തത്. എന്നാൽ ഇതു തടസ്സപ്പെടുത്താൻ പൊലീസ് ശ്രമിച്ചെന്നും മകൻ പറയുന്നു.

അച്ഛന് വേണ്ടി കുഴിവെട്ടുന്ന മകനോട് ”ഡാ നിർത്തെടാ”, എന്ന് പൊലീസ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ രഞ്ജിത് പൊലീസിനു നേരെ കെെ ചൂണ്ടി കൊണ്ട് പറഞ്ഞത് ”നിങ്ങളെല്ലാവരും കൂടിയാണ് എന്‍റെ അച്ഛനെയും അമ്മയെയും കൊന്നത്. ഇനി അടക്കാനും പറ്റില്ലെന്നോ” എന്നായിരുന്നു.

ഇങ്ങനെ കുഴിയെടുക്കേണിവന്ന സാഹചര്യത്തെ കുറിച്ചും മക്കള്‍ വിശദീകരിക്കുകയാണ് ഇപ്പോള്‍. വിവാദ സ്ഥലത്ത് പിതാവിനെ സംസ്കരിക്കാന്‍ കുഴിയെടുക്കാന്‍ മറ്റാരും തയ്യാറാകാത്തതുകൊണ്ടാണ് തന്‍റെ അനിയന് കുഴിവെട്ടേണ്ടി വന്നതെന്ന് രാജന്‍റെ മൂത്ത മകന്‍ രാഹുല്‍ പറഞ്ഞു.

അതേസമയം, രണ്ട് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നു. കുട്ടികൾക്ക് വീടും സ്ഥലവും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്‍റെ ഉറപ്പില്‍ പ്രതീക്ഷയില്ലായെന്നാണ് മൂത്ത മകന്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

https://www.youtube.com/watch?v=TVI79zFWI88

 

By Binsha Das

Digital Journalist at Woke Malayalam