Mon. Dec 23rd, 2024
കൊച്ചി:

പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള ശോഭ സുരേന്ദ്രന്റെ അഭിപ്രായ ഭിന്നത ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ടയെന്നും പാർട്ടിയിൽ തർക്കങ്ങളുണ്ടെന്നുള്ളത് വെറും മാധ്യമസൃഷ്ടിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ശോഭയുടെ നിലപാട്. അതേസമയം തിരഞ്ഞെടുപ്പ് വേളയിലെ പ്രശ്നങ്ങൾ തിരിച്ചടി സൃഷ്ടിക്കുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ന് നടക്കുന്ന യോഗത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും പങ്കെടുക്കും.

കെ സുരേന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷനായ ശേഷം പാർട്ടി ഔദ്യോഗിക പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രൻ ഒഴിഞ്ഞുനിൽക്കുകയാണ്. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ പ്രതീക്ഷിച്ച് നിൽക്കുകയാണ്.

 

By Arya MR