ED against Cm office and M Sivasankar
എം ശിവശങ്കര്‍, പിണറായി വിജയന്‍ (Picture Credits:Facebook)
Reading Time: < 1 minute

തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. ആദ്യാമായാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയില്‍ ആണ്  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ശിവശങ്കറിനെതിരെയും നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശിവശങ്കറിന്‍റെ ‘ടീം’ അറിഞ്ഞാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഈ ‘ടീം’ ഉള്ളതെന്നും ഇഡി അപേക്ഷയില്‍ പറയുന്നു. ശിവശങ്കറിന് എല്ലാമറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴിനല്‍കിയിരുന്നതായും ഇഡി വ്യക്തമാക്കി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് സ്വപ്ന മൊഴി നല്‍കിയതെന്നാണ് ഇഡി പറയുന്നത്. എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. കെ ഫോണ്‍, ലെെഫ് മിഷന്‍ അഴിമതിയെ കുറിച്ചും അറിയാമായിരുന്നുവെന്ന് സ്വപ്ന പറഞ്ഞതായി ഇഡിയുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിയെന്ന് സ്വപ്ന പറഞ്ഞതായും ഇഡി പറയുന്നു.

ഇഡിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന എം ശിവശങ്കറിനെ ഒരു ദിവസത്തേക്ക് കൂടി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യം നൽകുന്നതിനെ ഇഡി ശക്തമായി എതിര്‍ത്തു. കേസിനെ ബാധിക്കുമെന്നും ശിവശങ്കര്‍ സസ്പെൻഷനിലാണെങ്കിലും തെളിവുകൾ നശിപ്പിക്കാനും സ്വാധീനംചെലുത്താനും സാധ്യതയുണ്ടെന്നും  ഇഡി കോടതിയില്‍ പറഞ്ഞു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യുക. നാളെ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ചേക്കും.

അതേസമയം, ലെെഫ് മിഷന്‍റെ മുഴുവന്‍ കരാറുകളും സംശയത്തിന്‍റെ നിഴലിലാണെന്നിം ഇഡി പറയുന്നു. ടെന്‍ഡിറിന് മുമ്പ് രഹസ്യ വിവരങ്ങള്‍ സ്വപ്നയ്ക്ക് കിട്ടി. ലെെഫ് അഴിമതി വടക്കാഞ്ചേരിയില്‍ ഒതുങ്ങുന്നില്ല. 36 പദ്ധതികളില്‍ 26 പദ്ധതികളും രണ്ട് പേര്‍ക്കാണ് കിട്ടയിത്. തുടങ്ങി ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിന്‍റെ ലെെഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും ഉള്ളത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

Advertisement