Ramesh_Chennithala
Ramesh_Chennithala; pic (c)google
Reading Time: < 1 minute
തിരുവനന്തപുരം:

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കില്ലെന്ന പിണറായി വിജയന്റെ ആവര്‍ത്തിച്ചുള്ള കള്ളം സ്വപ്‌നയുടെ മൊഴി സംബന്ധിച്ച ഇഡി വെളിപ്പെടുത്തലോടെ പൊളിഞ്ഞെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ട്‌ രക്ഷപെടാന്‍ പാര്‍ട്ടിയെ ഉപയോഗിക്കുകയാണ്‌ മുഖ്യമന്ത്രി. ഇനിയൊരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക്‌ അര്‍ഹതയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത്‌ അധോലോകപ്രവര്‍ത്തനമാണ്‌. കള്ളക്കടത്തുകാര്‍ക്ക്‌ താങ്ങും തണലുമാകുകയാണ്‌ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത്‌ കള്ളപ്പണഇടപാടും അഴിമതിയുമാണ്‌. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെപ്പോലുള്ള ആള്‍ കള്ളക്കടത്തിന്‌ കൂട്ടു നിന്നത്‌ അതീവഗൗരവത്തോടെ കാണണം.

സ്വപ്‌നയുടെയും കൂട്ടരുടെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിനറിയാം. സ്വര്‍ണക്കടത്ത്‌ സംബന്ധിച്ച്‌ ശിവശങ്കറിനും സിഎംഒയിലെ ആളുകള്‍ക്കും അറിയാമായിരുന്നുവെന്നാണ്‌ സ്വപ്‌ന മൊഴിനല്‍കിയത്‌. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‌ പങ്കുണ്ട്‌. വികസന പദ്ധതികള്‍ കള്ളക്കടത്ത്‌ സംഘത്തിന്‌ ചോര്‍ത്തി നല്‍കി.

ഐടി അറ്റ്‌ സ്‌കൂള്‍ പദ്ധതിയിലും സ്വര്‍ണക്കടത്തുകാര്‍ക്ക്‌ ബന്ധമുണ്ട്‌. വ്യാപകമായി ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്‌ത ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം. സര്‍ക്കാര്‍ പദ്ധതികളെല്ലാം ഒന്നിനു പുറകെ ഒന്നായി സംശയത്തിന്റെ നിഴലലാണ്‌. അതിനെയെല്ലാം പാര്‍ട്ടിയെ ഇറക്കി പ്രതിരോധിക്കുകയാണ്‌ മുഖ്യമന്ത്രി.

പിണറായിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പരസ്‌പരം താങ്ങുന്നത്‌ പലതും ഒളിക്കാനുള്ളതിനാലാണ്‌. അഴിമതിപിടിക്കപ്പെടുമെന്ന്‌ ഉറപ്പായപ്പോഴാണ്‌ കേന്ദ്രാന്വേഷണ ഏജന്‍സികള്‍ക്കെതിരേ സമരത്തിന്‌ ഇറങ്ങുന്നത്‌. മന്ത്രിസഭ തന്നെ തെരുവില്‍ സമരത്തിനിറങ്ങുന്നത്‌ വിരോധാഭാസമാണ്‌.

മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്നും തെറ്റ്‌ ചെയ്‌തിട്ടില്ലെങ്കില്‍ എന്തിനാണ്‌ ഭയപ്പെടുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Advertisement