തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ( PIC CREDITS: Screengrab-copyrights: onmanorama
Reading Time: < 1 minute
തിരുവനന്തപുരം:

കൊവിഡ് പ്രതിസന്ധിക്കിടയിലും കേരളരാഷ്ട്രീയത്തില്‍ കുറച്ച് നാളുകളായി കോളിളക്കം സൃഷിടിച്ച കേസാണ് തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസ്. ഭരണ-പ്രതിപക്ഷം നിരന്തരം ശീതയുദ്ധത്തിലാണ്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഇതൊരു ആയുധമാക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധ ചൂടിലാണ് സംസ്ഥാനം. എന്നാല്‍, ഈ സംഭവവികാസങ്ങള്‍ക്കിടയിലെല്ലാം ലാഭം കൊയ്യുന്ന അപരിചിതനുണ്ട്. അത് മറ്റാരുമല്ല സ്വര്‍ണ്ണക്കടത്തിനെ കുറിച്ചുള്ള വിവരം കസ്റ്റംസിന് കെെമാറിയ രഹസ്യ വ്യക്തി.

സ്വര്‍ണം പിടികൂടാന്‍ സഹായകരമായ വിവരങ്ങള്‍ കെെമാറിയ ഈ വ്യക്തിക്ക് 45 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക. അഡ്വാൻസായി ലഭിക്കുന്നത് 22.50 ലക്ഷം രൂപയാണ്.  ഈ തുക കസ്റ്റംസ് കെെമാറിയതായാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് ഉദ്യേഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവരം കെെമാറിയ വ്യക്തിയുടെ പേരുവിവരങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. കസ്റ്റംസ് കമ്മിഷണർക്ക് മാത്രമറിയുന്ന രഹസ്യമാണ്.

സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ടിൽനിന്നാണ് പ്രതിഫലം അനുവദിക്കുന്നത്. പ്രതിഫലമായി നൽകുന്ന തുകയ്ക്കു നികുതി ബാധകമല്ല.  സ്വർണം പിടികൂടി കഴിഞ്ഞാൽ പകുതി തുക അഡ്വാൻസായി നൽകും. രഹസ്യവിവരം നൽകിയ ആൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കറന്‍സിയായാണ് തുക കൈമാറുക.

ജൂലൈ ആദ്യമാണ്  തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ (13.5 കോടിരൂപ) സ്വർണം  പിടികൂടിയത്. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്, ഫെെസല്‍ ഫരീദ്, റബ്ബിന്‍സ് തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികള്‍. സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

 

Advertisement