എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം
Pic (C) Manorama എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം
Reading Time: < 1 minute

തിരുവനന്തപുരം:
സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ്‌ ചെയ്‌തതിന്‌ മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍. പിണറായി വിജയന്‌ ഈ കേസുമായി ഒരു ബന്ധവുമില്ല. അതിനാല്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്‌ക്കണ്‌ഠയുമില്ല.

അറസ്‌റ്റിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവെക്കണമെന്നാണ്‌ ചിലര്‍ ആവശ്യപ്പെടുന്നത്‌. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധാര്‍മിക ഉത്തരവാദിത്വമുണ്ടല്ലോ. ഐഎഎസും ഐപിഎസും എല്ലാം കേന്ദ്ര കേഡറുകളാണെന്ന്‌ എം വി ഗോവിന്ദന്‍ പറഞ്ഞു.

കേസില്‍ അന്വേഷണം നടക്കട്ടെ, ഉത്തരവാദപ്പെട്ടവരെ അറസ്റ്റ്‌ ചെയ്യട്ടെ. കുറ്റക്കാരെന്ന്‌ കണ്ടെത്തിയാല്‍ അവരെ ശിക്ഷിക്കട്ടെ. ഒരു പ്രതിയേയും സംരക്ഷിക്കേണ്ട കാര്യം സിപിഎമ്മിനില്ല. ഉപ്പു തിന്നുവന്നവര്‍ വെള്ളം കുടിക്കട്ടെ. അതില്‍ സര്‍ക്കാരിനോ സിപിഎമ്മിനോ പരാതിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേസിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന അജണ്ട നടപ്പാക്കാനാണ്‌ 120 ദിവസമായി പ്രതിപക്ഷം ശ്രമിക്കുന്നത്‌. അവര്‍ ഉന്നയിച്ച ഒരു ആരോപണത്തിനും അടിസ്ഥാനമില്ല. വിമാനത്താവളത്തില്‍ നിന്ന്‌ നയതന്ത്ര ബാഗേജ്‌ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ വിളിച്ചു എന്നെല്ലാം പറയുന്നത്‌ അസംബന്ധമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Advertisement